സ്ട്രീക്ക് മരിച്ചിട്ടില്ല ! തേര്‍ഡ് അംപയര്‍ തിരിച്ചുവിളിച്ചു; മുന്‍ ട്വീറ്റ് തിരുത്തി ഒലോങ്ക

Webdunia
ബുധന്‍, 23 ഓഗസ്റ്റ് 2023 (11:39 IST)
സിംബാബ്വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ലെന്ന് മുന്‍ സിംബാബ്വെ താരം ഹെന്‍ റി ഒലോങ്ക. അര്‍ബുദ ബാധിതനായ സ്ട്രീക്ക് അന്തരിച്ചെന്ന് നേരത്തെ എക്‌സ് (ട്വിറ്റര്‍) പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചത് ഒലോങ്ക തന്നെയാണ്. ഒലോങ്കയുടെ പോസ്റ്റിനു പിന്നാലെ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അടക്കം സ്ട്രീക്ക് മരിച്ചതായി വാര്‍ത്ത വന്നിരുന്നു. എന്നാല്‍ മുന്‍ പോസ്റ്റ് തിരുത്തിയിരിക്കുകയാണ് ഒലോങ്ക ഇപ്പോള്‍. സ്ട്രീക്ക് ജീവനോടെയുണ്ടെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും ഒലോങ്ക വ്യക്തമാക്കി. സ്ട്രീക്കുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും ഒലോങ്ക പങ്കുവെച്ചിട്ടുണ്ട്. 
 
' ഹീത്ത് സ്ട്രീക്കിന്റെ മരണത്തെ കുറിച്ചുള്ള കിംവദന്തികള്‍ അതിശയോക്തി കലര്‍ന്നതാണെന്ന് വ്യക്തമായിരിക്കുന്നു. അദ്ദേഹത്തില്‍ നിന്ന് തന്നെ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചു. തേര്‍ഡ് അംപയര്‍ അദ്ദേഹത്തെ തിരികെ വിളിച്ചിരിക്കുന്നു. പ്രിയപ്പെട്ടവരെ, അദ്ദേഹം ഇപ്പോഴും ജീവനോടെയുണ്ട്' ഒലോങ്ക കുറിച്ചു. 
 
' ഞാന്‍ ജീവനോടെയുണ്ട്. ഈ റണ്‍ഔട്ട് ഉടനെ പിന്‍വലിക്കൂ സുഹൃത്തേ' എന്നാണ് ഒലോങ്ക പങ്കുവെച്ച വാട്‌സ്ആപ്പ് സ്‌ക്രീന്‍ഷോട്ടില്‍ സ്ട്രീക്ക് കുറിച്ചിരിക്കുന്നത്. 
 
സിംബാബ്വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിനങ്ങളും സ്ട്രീക്ക് കളിച്ചിട്ടുണ്ട്. 12 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറില്‍ 2000 മുതല്‍ 2004 വരെയുള്ള കാലയളവില്‍ സ്ട്രീക്ക് സിംബാബ്വെയുടെ നായകനായിരുന്നു. 100 ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കിയ ഏക സിംബാബ്വെ ബൗളറാണ് സ്ട്രീക്ക്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article