ഏഷ്യാ കപ്പിനായുള്ള ഇന്ത്യന്‍ ടീം സെലക്ഷനെ ട്രോളി സോഷ്യല്‍ മീഡിയ. മുംബൈ ഇന്ത്യന്‍സ് ലോബിയാണ് ബിസിസിഐയെ നിയന്ത്രിക്കുന്നതെന്നും സഞ്ജു മുംബൈയുടെ താരമായിരുന്നെങ്കില്‍ ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കുമായിരുന്നു എന്നും സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ കുറിച്ചു. മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ടീം സെലക്ഷനെന്നും ആരാധകര്‍ വിമര്‍ശിച്ചു.
മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ് തന്റെ ഫ്രാഞ്ചൈസിയിലെ താരങ്ങള്‍ക്ക് അവസരം നല്‍കാന്‍ വേണ്ടി സഞ്ജുവിനെ ഒഴിവാക്കിയതെന്ന് ആരാധകര്‍ വിമര്‍ശിക്കുന്നു. യോഗ്യതയില്ലാത്ത മൂന്ന് മുംബൈ ഇന്ത്യന്‍സ് താരങ്ങളാണ് ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം പിടിച്ചിരിക്കുന്നത്. തിലക് വര്‍മ ഇതുവരെ ഒരു ഏകദിനം പോലും കളിച്ചിട്ടില്ല. സൂര്യകുമാര്‍ യാദവ് ആകട്ടെ ഏകദിനത്തില്‍ വന്‍ പരാജയവും. ഏകദിനത്തില്‍ ഇഷാന്‍ കിഷനേക്കാള്‍ സ്ഥിരത പുലര്‍ത്തുന്ന താരമാണ് സഞ്ജു. എന്നിട്ടും സൂര്യയും ഇഷാനും തിലകും ടീമില്‍ ഇടം പിടിച്ചു. ഇവരേക്കാള്‍ മികച്ച രീതിയില്‍ ഏകദിനം കളിക്കുന്ന സഞ്ജു പുറത്തും !
അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും തിലക് വര്‍മ വന്‍ പരാജയമായിരുന്നു. ഒരു കളി പൂജ്യത്തിനും മറ്റൊരു കളിയില്‍ ഒരു റണ്‍സെടുത്തും പുറത്തായി. മുംബൈ താരമായതുകൊണ്ട് തിലക് വര്‍മയെ ആരും പരിഹസിക്കുന്നില്ല. മറിച്ച് സഞ്ജുവാണ് ഇതുപോലെ രണ്ട് ഇന്നിങ്‌സുകളില്‍ നിറം മങ്ങിയതെങ്കില്‍ അദ്ദേഹത്തിനു ഇല്ലാത്ത കുറ്റമുണ്ടാകില്ല. ഇന്ത്യന്‍ ടീമില്‍ മുംബൈ ഇന്ത്യന്‍ ലോബി ഉണ്ടെന്നതിനു തെളിവാണ് ഇതെല്ലാമെന്ന് ആരാധകര്‍ പറയുന്നു.