വമ്പൻ താരങ്ങൾ ഉണ്ടായിരുന്നപ്പോഴും എപ്പോഴും വില്ലനായി മഴ, ദക്ഷിണാഫ്രിക്ക ഐസിസി ലോകകപ്പ് ഫൈനലിൽ എത്തുന്നത് ഇതാദ്യം

അഭിറാം മനോഹർ
വ്യാഴം, 27 ജൂണ്‍ 2024 (14:02 IST)
South africa, Worldcup
ക്രിക്കറ്റ് ലോകത്ത് ഏറെക്കാലമായി വമ്പന്‍ ശക്തിയായി നിലനില്‍ക്കുമ്പോഴും ഒട്ടേറെ കഴിവുള്ള പ്രതിഭകളെ ക്രിക്കറ്റിന് സമ്മാനിക്കാന്‍ സാധിച്ചിട്ടും ഇതുവരെയും ഒരു ഐസിസി ലോകകപ്പ് ഫൈനല്‍ കളിക്കുവാന്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനായിരുന്നില്ല. ഇന്ന് അഫ്ഗാനെ സെമി ഫൈനലില്‍ പരാജയപ്പെടുത്തി ലോകകപ്പ് ഫൈനലിലെത്തുമ്പോള്‍ തങ്ങളുടെ കന്നി കിരീടമാണ് ദക്ഷിണാഫ്രിക്ക സ്വപ്നം കാണുന്നത്.
 
 ഐസിസി നടത്തുന്ന ടൂര്‍ണമെന്റുകളിലെല്ലാം തന്നെ സെമി ഫൈനലില്‍ പുറത്താകുന്നതാണ് ദക്ഷിണാഫ്രിക്കയുടെ ഇതുവരെയുള്ള ശീലം. 1998ലെ ചാമ്പ്യന്‍സ് ട്രോഫി മാത്രമാണ് ഇതിന് അപവാദമായുള്ളത്. അന്ന് ഫൈനലില്‍ കിരീടനേട്ടം സ്വന്തമാക്കാനും ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചിരുന്നു. 1992ലെ ഏകദിന ലോകകപ്പില്‍ സെമി ഫൈനലില്‍ മഴ നിയമം ചതിച്ചതോടെ പുറത്തായ ദക്ഷിണാഫ്രിക്ക 1999ലെ ലോകകപ്പ് സെമിയില്‍ വിജയിക്കേണ്ടിയിരുന്ന മത്സരം ഓസ്‌ട്രേലിയക്കെതിരെ കൈവിട്ടു. ഇന്നും ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നതാണ് 1999ലെ ലോകകപ്പ് സെമിയിലെ ദക്ഷിണാഫ്രിക്കയുടെ തോല്‍വി.
 
 2007ലെ ലോകകപ്പ് സെമിഫൈനലിലും ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ തോല്‍വി. 2015ലെ ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോടും 2023ലെ ലോകകപ്പ് സെമി ഫൈനലില്‍ ഓസ്‌ട്രേലിയയോടും ദക്ഷിണാഫ്രിക്ക പരാജയമായി. എ ബി ഡിവില്ലിയേഴ്‌സ്,ഡെയ്ല്‍ സ്റ്റെയ്ന്‍,ഫാഫ് ഡുപ്ലെസിസ്,ഹാഷിം അംല എന്നിങ്ങനെ ഒരു സുവര്‍ണ തലമുറ ശ്രമിച്ചിട്ടും എത്തിപ്പിടിക്കാനാവാത്ത ലോകകപ്പ് ഫൈനല്‍ നേട്ടത്തിലാണ് എയ്ഡന്‍ മാര്‍ക്രവും സംഘവും എത്തിചേര്‍ന്നിരിക്കുന്നത്. എതിരാളികള്‍ ആരായിരുന്നാലും തങ്ങളുടെ കന്നി ലോകകപ്പ് കിരീടത്തിനായി അരയും തലയും മുറുക്കി തന്നെയാകും ദക്ഷിണാഫ്രിക്ക ഫൈനലില്‍ കളിക്കുക.
 

അനുബന്ധ വാര്‍ത്തകള്‍

Next Article