റെക്കോര്‍ഡ് നേട്ടവുമായി ഇമ്രാൻ താഹിർ; കിവീസിന് ദയനീയ തോല്‍‌വി

വെള്ളി, 17 ഫെബ്രുവരി 2017 (15:07 IST)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്‍റി-20 മത്സരത്തിൽ ന്യൂസിലൻഡിന് 78 റണ്‍സിന്റെ ദയനീയ തോൽവി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് 14.5 ഓവറിൽ 107 റണ്‍സെടുക്കാന്‍ മാത്രമേ സാധിച്ചുള്ളൂ. 
 
അഞ്ച് വിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്കയുടെ ഇമ്രാൻ താഹിറാണ് കിവീസിനെ തകര്‍ത്തത്. വെറും 24 റണ്‍സ് മാത്രം വഴങ്ങിയായിരുന്ന താഹിറിന്റെ ഈ നേട്ടം. ഇതോടെ ട്വന്‍റി-20യിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ താരമാകാനും താഹിറിന് കഴിഞ്ഞു. 31 മത്സരങ്ങളിൽ നിന്നാണ് താഹിറിന്‍റെ ഈ നേട്ടം.
 
33 റണ്‍സ് നേടിയ ടോം ബ്രൂസാണ് കിവീസ് ഇന്നിങ്ങിസിലെ ടോപ്പ് സ്കോറർ. കൂടാതെ ടിം സൗത്തി (20), കോളിൻ ഡി ഗ്രാൻഡ്ഹോം (15), കെയ്ൻ വില്യംസണ്‍ (13) എന്നിവർക്ക് മാത്രമേ രണ്ടക്കം കടക്കാൻ കഴിഞ്ഞൂള്ളൂ. കിവീസിന് വേണ്ടി ട്രന്‍റ് ബോൾട്ടും ഗ്രാൻഡ്ഹോമും രണ്ടു വീതം വിക്കറ്റുകൾ നേടി. 
 
ഹാഷിം ആംലയുടെ അർധ സെഞ്ചുറിയുടെ സഹായത്തോടെയാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോർ പടുത്തുയർത്തിയത്. 43 പന്തിൽ ഒൻപത് ഫോറുകളും ഒരു സിക്സും അടക്കം 62 റണ്‍സാണ് ആം‌ല നേടിയത്.ഫാഫ് ഡുപ്ലസിസ് (36), ജെ.പി.ഡുമ്മിനി (29), എ.ബി.ഡിവില്ലിയേഴ്സ് (26) എന്നിവരും തിളങ്ങി. 

വെബ്ദുനിയ വായിക്കുക