ഇന്ത്യക്ക് പിന്നാലെ ലോകകപ്പ് സെമി ഫൈനല്‍ ഉറപ്പിച്ച് ദക്ഷിണാഫ്രിക്ക. ലീഗ് ഘട്ടത്തില്‍ രണ്ട് മത്സരങ്ങള്‍ ശേഷിക്കെയാണ് ദക്ഷിണാഫ്രിക്കയുടെ സെമി പ്രവേശനം. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ പാക്കിസ്ഥാന്‍ ജയിച്ചതാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഗുണമായത്. ഏഴ് കളികളില്‍ നിന്ന് ആറ് ജയത്തോടെ 12 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക ഇപ്പോള്‍.
ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ നാല് ടീമുകളില്‍ നിന്ന് ഏതെങ്കിലും രണ്ട് ടീമുകള്‍ ആയിരിക്കും സെമിയില്‍ ഇനി പ്രവേശിക്കുക. ഇപ്പോള്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ കളിയില്‍ ജയിച്ചാല്‍ ഓസ്‌ട്രേലിയയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകും. പിന്നീട് ശേഷിക്കുന്ന രണ്ട് കളികളില്‍ ഒരു ജയം കൂടി മതിയാകും ഓസ്‌ട്രേലിയയ്ക്ക് സെമിയില്‍ കയറാന്‍. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്കെതിരെയാണ് അവസാന രണ്ട് കളികള്‍ എന്നത് ഓസ്‌ട്രേലിയയുടെ സാധ്യത വര്‍ധിപ്പിക്കുന്നു.
ശ്രീലങ്കയ്‌ക്കെതിരായ കളി മാത്രമാണ് ന്യൂസിലന്‍ഡിന് ഇനി ശേഷിക്കുന്നത്. പാക്കിസ്ഥാന് ഇംഗ്ലണ്ടിനെതിരെയാണ് അവസാന മത്സരം. ഈ രണ്ട് കളികളുടെ ഫലങ്ങളെ ആശ്രയിച്ചായിരിക്കും സെമിയില്‍ എത്തുന്ന അടുത്ത ടീം ഏതെന്ന് തീരുമാനമാകുക. അഞ്ചാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാന് ശേഷിക്കുന്ന മത്സരങ്ങള്‍ കരുത്തരായ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെയാണ്.