ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ നിര്‍ണായക മത്സരത്തില്‍ 21 റണ്‍സിന് ജയിച്ച് പാക്കിസ്ഥാന്‍. മഴ തടസപ്പെടുത്തിയ കളിയില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് പാക്കിസ്ഥാന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 401 റണ്‍സ് നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 25.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 200 റണ്‍സ് നേടി. പാക്കിസ്ഥാന്‍ ഇന്നിങ്‌സില്‍ രണ്ടാമതും മഴ കളി മുടക്കാനെത്തിയപ്പോള്‍ 25.3 ഓവറില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം പാക്കിസ്ഥാന് വേണ്ടിയിരുന്നത് 179 റണ്‍സാണ്. ആ സമയത്ത് പാക്കിസ്ഥാന്റെ അക്കൗണ്ടില്‍ 200 റണ്‍സ് ഉണ്ടായിരുന്നു. അരമണിക്കൂറിലേറെ മഴ തുടര്‍ന്നതോടെ കളി അവസാനിപ്പിക്കാന്‍ അംപയര്‍മാര്‍ തീരുമാനിക്കുകയും പാക്കിസ്ഥാനെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു.
ഫഖര്‍ സമാന്റെ കിടിലന്‍ ഇന്നിങ്‌സാണ് പാക്കിസ്ഥാന് ജയം സമ്മാനിക്കുന്നതില്‍ അനിവാര്യമായത്. മഴ വില്ലനാകാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയ ഫഖര്‍ ക്രീസിലെത്തിയ നിമിഷം മുതല്‍ കിവീസ് ബൗളര്‍മാരെ കടന്നാക്രമിച്ചു. 81 പന്തില്‍ എട്ട് ഫോറും 11 സിക്‌സറും അടക്കം 126 റണ്‍സുമായി ഫഖര്‍ സമാന്‍ പുറത്താകാതെ നിന്നു. നായകന്‍ ബാബര്‍ അസം 63 പന്തില്‍ നിന്ന് 66 റണ്‍സ് നേടി ഫഖര്‍ സമാന് മികച്ച പിന്തുണ നല്‍കി. ഓപ്പണര്‍ അബ്ദുള്ള ഷഫീഖിയുടെ വിക്കറ്റ് മാത്രമാണ് പാക്കിസ്ഥാന് നഷ്ടമായത്.
രചിന്‍ രവീന്ദ്ര (94 പന്തില്‍ 108), കെയ്ന്‍ വില്യംസണ്‍ (79 പന്തില്‍ 95), ഗ്ലെന്‍ ഫിലിപ്പ്സ് (25 പന്തില്‍ 41) തുടങ്ങിയവരുടെ ഇന്നിങ്സ് കരുത്തിലാണ് ന്യൂസിലന്‍ഡ് 401 റണ്‍സെടുത്തത്.
ന്യൂസിലന്‍ഡിനെതിരായ ജയത്തോടെ പാക്കിസ്ഥാന്‍ സെമി സാധ്യത നിലനിര്‍ത്തി. എട്ട് കളികളില്‍ നിന്ന് നാല് ജയത്തോടെ എട്ട് പോയിന്റുള്ള പാക്കിസ്ഥാന്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. എട്ട് പോയിന്റുമായി ന്യൂസിലന്‍ഡ് നാലാം സ്ഥാനത്തും. ന്യൂസിലന്‍ഡിന് ശ്രീലങ്കയുമായും പാക്കിസ്ഥാന് ഇംഗ്ലണ്ടുമായാണ് അവസാന മത്സരം. ഈ രണ്ട് കളികളും ഇനി അതീവ നിര്‍ണായകമാകും.