ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ വന്‍ അട്ടിമറിയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് ദക്ഷിണാഫ്രിക്ക. ലോ സ്‌കോര്‍ ത്രില്ലറായ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത് നെതര്‍ലന്‍ഡ്‌സ് ഉയര്‍ത്തിയ 104 റണ്‍സ് വിജയലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തില്‍ 7 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണപ്പോള്‍ തോല്‍വി മുന്നില്‍ കണ്ട ഇടത്ത് നിന്നും ട്രിസ്റ്റ്യന്‍ സ്റ്റമ്പ്‌സ്, ഡേവിഡ് മില്ലര്‍ കൂട്ടുക്കെട്ടാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിനോട് അടുപ്പിച്ചത്.
ബാറ്റര്‍മാരെ വട്ടം കറക്കിയ ന്യൂയോര്‍ക്കിലെ പിച്ചില്‍ 51 പന്തില്‍ നിന്നും പുറത്താകാതെ 59 റണ്‍സുമായി മില്ലര്‍ തിളങ്ങി. 37 പന്തില്‍ നിന്ന് 33 റണ്‍സാണ് ട്രിസ്റ്റ്യന്‍ സ്റ്റമ്പ്‌സ് നേടിയത്. ദക്ഷിണാഫ്രിക്ക നേടിയ 106 റണ്‍സില്‍ 92 റണ്‍സും നേടിയത് സ്റ്റമ്പ്‌സും മില്ലറും ചേര്‍ന്നായിരുന്നു. ഒരു ഘട്ടത്തില്‍ 12 റണ്‍സെടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയുടെ 4 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഈ ഘട്ടത്തില്‍ നിന്നാണ് സ്റ്റമ്പ്‌സും മില്ലറും ചേര്‍ന്ന് ടീമിനെ കരകയറ്റിയത്.
നേരത്തെ 45 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം 40 റണ്‍സ് നേടിയ സിബ്രാന്‍ എഗില്‍ ബെറ്റിന്റെ മികവിലാണ് നെതര്‍ലന്‍ഡ്‌സ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെടുത്തത്. ലോഗണ്‍ വാന്‍ ബീക്ക് 23 റണ്‍സും സ്വന്തമാക്കി. 4 ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ബ്രാത്ത് മാനാണ് നെതര്‍ലന്‍ഡ്‌സിന്റെ നടുവൊടിച്ചത്. മാര്‍ക്കോ യാന്‍സന്‍, ആന്റിച്ച് നോര്‍ജെ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി.