South Africa vs India, 2nd Test: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ആദ്യ സെഷനില്‍ തന്നെ പിടിമുറുക്കി ഇന്ത്യ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ 55 റണ്‍സിന് ഓള്‍ഔട്ടാക്കി. ആറ് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ആതിഥേയരുടെ കഥ കഴിച്ചത്. ജസ്പ്രീത് ബുംറ, മുകേഷ് കുമാര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി.
സ്‌കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സ് ആയപ്പോള്‍ തന്നെ ഏദന്‍ മാര്‍ക്രത്തെ മടക്കി സിറാജ് ദക്ഷിണാഫ്രിക്കയ്ക്ക് അപകട സൂചന നല്‍കി. പിന്നീടങ്ങോട്ട് ഒരു ദക്ഷിണാഫ്രിക്കന്‍ ബാറ്ററെ പോലും നിലയുറപ്പിക്കാന്‍ അനുവദിക്കാതെ എറിഞ്ഞിടുകയായിരുന്നു. നായകന്‍ ഡീന്‍ എല്‍ഗര്‍, ടോണി ദെ സോര്‍സി, ഡേവിഡ് ബെഡിന്‍ഗം, കെയ്ല്‍ വെറെയ്ന്‍, മാര്‍ക്കോ ജാന്‍സണ്‍ എന്നിവരെയും സിറാജ് വീഴ്ത്തി. ഒന്‍പത് ഓവറില്‍ മൂന്ന് മെയ്ഡന്‍ അടക്കം വെറും 15 റണ്‍സ് മാത്രം വഴങ്ങിയാണ് സിറാജിന്റെ ആറ് വിക്കറ്റ് നേട്ടം. 30 പന്തില്‍ 15 റണ്‍സ് നേടിയ വെറെയ്‌നും 17 പന്തില്‍ 12 റണ്‍സ് നേടിയ ബെഡിന്‍ഗവും മാത്രമാണ് പ്രോട്ടിയാസ് നിരയില്‍ രണ്ടക്കം കണ്ടത്.
രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ആദ്യ കളി ജയിച്ച ദക്ഷിണാഫ്രിക്ക 1-0 ത്തിനു ലീഡ് ചെയ്യുകയാണ്. കേപ് ടൗണില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് ഇന്ത്യക്ക് അതീവ നിര്‍ണായകമാണ്.