Shubman Gill: 'കൊള്ളാം, നല്ല അഭിനയം'; കൂട്ടത്തോടെ കൈയടിച്ച് ഇന്ത്യന്‍ താരങ്ങളുടെ പരിഹാസം, ചീറിയടുത്ത് ഗില്‍ (വീഡിയോ)
മൂന്നാം ദിനത്തിലെ അവസാന ഓവറിലായിരുന്നു സംഭവം. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ഒരോവര്‍ മാത്രമാണ് കളിച്ചത്. യഥാര്‍ഥത്തില്‍ രണ്ട് ഓവറിനുള്ള സമയമുണ്ടായിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ കളി വൈകിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഒരോവര്‍ മാത്രം എറിഞ്ഞ് മൂന്നാം ദിനം അവസാനിപ്പിക്കേണ്ടിവന്നു.
ജസ്പ്രിത് ബുംറ എറിഞ്ഞ ആദ്യ ഓവറില്‍ ഒന്നിലേറെ തവണയാണ് സാക് ക്രൗലി മത്സരം വൈകിപ്പിക്കാന്‍ ശ്രമിച്ചത്. ആദ്യ ഓവറിലെ മൂന്നാം പന്ത് എറിയാന്‍ ബുംറ റണ്ണപ്പ് എടുത്ത് പകുതിയായപ്പോള്‍ സാക് ക്രൗലി ബാറ്റിങ്ങില്‍ നിന്ന് പിന്മാറി. ബുംറയും ഗില്ലും ഉടന്‍ അതൃപ്തി പ്രകടിപ്പിച്ചു. ഗില്‍ ക്രൗലിയോടു ദേഷ്യപ്പെട്ടു സംസാരിക്കുന്നത് വീഡിയോയില്‍ കാണാം.
ഈ ഓവറിലെ അഞ്ചാം പന്ത് ക്രൗലിയുടെ ഹാന്‍ഡ് ഗ്രൗസില്‍ കൊണ്ടു. ഉടനെ ടീം ഫിസിയോയെ വിളിച്ചുവരുത്തുകയാണ് ക്രൗലി ചെയ്തത്. ഇതും ഇന്ത്യന്‍ താരങ്ങളെ ചൊടിപ്പിച്ചു. 'വളരെ നല്ല അഭിനയം' എന്നു പറഞ്ഞുകൊണ്ട് ഇന്ത്യന്‍ താരങ്ങള്‍ ക്രൗലിക്കു ചുറ്റുംകൂടി കൈയടിച്ചു പരിഹസിച്ചു. ശുഭ്മാന്‍ ഗില്‍ ഈ സമയത്ത് ക്രൗലിക്കു അരികിലേക്ക് ചീറിയടുക്കുകയും ദേഷ്യപ്പെട്ടു സംസാരിക്കുകയും ചെയ്തു. ഒടുവില്‍ ക്രൗലിയുടെ സഹഓപ്പണറായ ബെന്‍ ഡക്കറ്റും സംഭവത്തില്‍ ഇടപെട്ടു. സമയം വൈകിയതിനാല്‍ ഒരു ഓവര്‍ മാത്രം എറിഞ്ഞ് മൂന്നാം ദിനത്തിലെ മത്സരം അവസാനിപ്പിച്ചു.
ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ ഒരോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ രണ്ട് റണ്‍സെടുത്തിട്ടുണ്ട്. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 387 റണ്‍സെടുത്തപ്പോള്‍ ഇന്ത്യയും ഒന്നാം ഇന്നിങ്‌സില്‍ ഇതേ റണ്‍സെടുത്താണ് ഓള്‍ഔട്ടായത്.