രണ്ടാം ഇന്നിങ്‌സിൽ ഫി‌ഫ്‌റ്റി, അരങ്ങേറ്റത്തിൽ ചരിത്രനേട്ടം സ്വന്തമാക്കി ശ്രേയസ് അയ്യർ

ഞായര്‍, 28 നവം‌ബര്‍ 2021 (14:31 IST)
ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരം അവി‌സ്മരണീയമാക്കി ശ്രേയസ് അയ്യർ. ന്യൂസിലൻഡിനെതിരായ കാൺപൂർ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ താരം രണ്ടാം ഇന്നിങ്സിൽ 65 റൺസ് നേടിയാണ് പുറത്തായത്. ശ്രേയസിന്റെ ഇന്നിങ്സിന്റെ മികവിൽ ഇന്ത്യയുടെ ലീഡ് 200 പിന്നിട്ടു.
 
125 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതം 65 റൺസെടുത്ത അയ്യരെ ടിം സൗത്തിയാണ് പുറത്താക്കിയത്. രണ്ടാം ഇന്നിങ്‌സിൽ 51 റൺസിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ അശ്വിനും ശ്രേയസും ചേർന്ന ആറാം വിക്കറ്റ് കൂട്ടുക്കെട്ടാണ് കരകയറ്റിയത്. മത്സരത്തിലെ മികച്ച പ്രകടനത്തോടെ അരങ്ങേറ്റ മത്സരത്തിൽ ആദ്യ ഇന്നിങ്‌സിൽ സെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ അമ്പതിലേറെയും റൺസ് കണ്ടെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശ്രേയസ് മാറി.
 
ഇതിന് മുൻപ് രണ്ട് ഇന്ത്യൻ താരങ്ങളാണ് തങ്ങളുടെ അരങ്ങേറ്റ ടെസ്റ്റിലെ രണ്ടിന്നിങ്സിലും അമ്പതിലേറെ റൺസ് കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ഈ താരങ്ങൾക്ക് സെഞ്ചുറി നേടാൻ രണ്ട് ഇന്നിങ്സുകളിലുമായിരുന്നില്ല. ആദ്യ ടെസ്റ്റിൽ 59, 57 റൺസ് കണ്ടെത്തിയ ദിലാവർ ഹുസൈൻ, 65,67* എന്നിങ്ങനെ റൺസ് കണ്ടെത്തിയ ഇതിഹാസ താരമായ സുനിൽ ഗവാസ്‌കർ എന്നിവരാണ് അരങ്ങേറ്റ ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലും അമ്പതിലേറെ റൺസ് സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍