രഞ്ജി ട്രോഫിയില്‍ ഒഡീഷയ്‌ക്കെതിരെ ഇരട്ടസെഞ്ചുറിയുമായി തിളങ്ങി ശ്രേയസ് അയ്യര്‍. മുംബൈയിലെ ബികെസി ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തിലാണ് തന്റെ തുടര്‍ച്ചയായ രണ്ടാമത്തെ സെഞ്ചുറി താരം ഇരട്ടസെഞ്ചുറിയാക്കി ശ്രേയസ് അയ്യര്‍ മാറ്റിയത്.
നേരത്തെ ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ട ശ്രേയസ് അയ്യര്‍ ഐപിഎല്ലിന്റെ അടുത്ത സീസണിന് മുന്നോടിയായി കെകെആര്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയില്‍ നിന്നും പുറത്തായിരുന്നു. ഈ അപമാനങ്ങള്‍ക്കെല്ലാം മറുപടി നല്‍കുന്നതാണ് ശ്രേയസിന്റെ പ്രകടനങ്ങള്‍. രണ്ടാം റൗണ്ടില്‍ മഹാരാഷ്ട്രക്കെതിരെ നേടിയ സെഞ്ചുറിക്ക് പിന്നാലെയാണ് ഈ പ്രകടനം. ഏകദേശം 3 വര്‍ഷത്തിന് ശേഷമായിരുന്നു ഫസ്റ്റ് ക്ലാസ് സെഞ്ചുറി പ്രകടനം.
ഒഡീഷക്കെതിരെ ഒന്നാം ദിനത്തില്‍ 101 പന്തില്‍ നിന്നായിരുന്നു ശ്രേയസിന്റെ സെഞ്ചുറി. ആദ്യദിനം സ്റ്റമ്പെടുക്കുമ്പോള്‍ 18 ഫോറുകളും 4 സിക്‌സുകളും സഹിതം 152 റണ്‍സാണ് നേടിയത്. 22 ഫോറുകളും 8 സിക്‌സുകളുമടക്കം 201 പന്തില്‍ നിന്നായിരുന്നു ശ്രേയസ് അയ്യരുടെ ഡബിള്‍ സെഞ്ചുറി. 2017-18 ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി മുംബൈയില്‍ ഓസ്‌ട്രേലിയക്കെതിരെ പുറത്താകാതെ 202 റണ്‍സ് നേടിയതിന് ശേഷമുള്ള ശ്രേയസിന്റെ ആദ്യ ഫസ്റ്റ് ക്ലാസ് ഡബിള്‍ സെഞ്ചുറിയാണിത്. അയ്യരുടെ മുന്‍ രഞ്ജി ട്രോഫി ഡബിള്‍ സെഞ്ചുറി 2015 ഒക്ടോബറിലായിരുന്നു.