ലാറയെ മറികടക്കാന്‍ നില്‍ക്കാതെ ചന്ദർപോൾ കളിയവസാനിപ്പിച്ചു

ശനി, 23 ജനുവരി 2016 (10:20 IST)
വെസ്‌റ്റ് ഇന്‍ഡീസ് ക്രിക്കറ്റിലെ ക്ലാസിക് ബാറ്റ്‌സ്‌മാരിലൊരാളായ ശിവനാരയണ്‍ ചന്ദർപോൾ വിരമിച്ചു. ക്രിക്കറ്റിന്റെ  എല്ലാ ഫോർമാറ്റുകളിൽ നിന്നും വിടപറയാനാണ് അദ്ദേഹത്തിന്റെ തീരുമാനം. പത്രക്കുറിപ്പിലൂടെയാണ് വിരമിക്കല്‍ തീരുമാനം താരം വ്യക്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന് കഴിഞ്ഞ ജൂണിൽ ചന്ദർപോൾ വ്യക്തമാക്കിയിരുന്നു.

വിരമിക്കുന്നതിന് മുമ്പായി ടീമിൽ ഇടം പിടിക്കാൻ അദ്ദേഹം പരിശ്രമം നടത്തുകയും ചെയ്തു. എന്നാൽ ഫലം കാണുകയുണ്ടായില്ല. 22 വർഷം നീണ്ട ക്രിക്കറ്റ് കരിയറിൽ 164 ടെസ്റ്റ് മത്സരങ്ങളിൽ അദ്ദേഹം വിൻഡീസിനായി കളത്തിലിറങ്ങി. റൺ വേട്ടയിൽ വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറക്ക് തൊട്ടുപിറകിലാണ് ചന്ദർപോൾ. ലാറക്ക് 11,953 റൺസും ചന്ദർപോളിന് 11.867 റൺസുമാണുള്ളത്. ഇരുവരും തമ്മിൽ 86 റൺസിന്റെ വിത്യാസം മാത്രമാണുള്ളത്.

1994ല്‍ ഇംഗ്ളണ്ടിനെതിരേ ഗയാനയിലാണ് അരങ്ങേറിയത്. അരങ്ങേറ്റത്തില്‍തന്നെ അര്‍ധ സെഞ്ചുറി നേടിയിരുന്നു. 2015 മേയിലാണ് അവസാനമായി വെസ്‌റ്റ് ഇന്‍ഡീസ് ടീമില്‍ കളിച്ചത്. 164 ടെസ്‌റ്റില്‍നിന്ന് 30 സെഞ്ചുറിയും 66 അര്‍ധ സെഞ്ചുറിയും ആ ബാറ്റില്‍നിന്ന് പിറന്നു. പുറത്താകാതെ നേടിയ 203 റണ്‍സ് ആണ് കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. ഒമ്പതു വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

268 ഏകദിനങ്ങളില്‍ വിന്‍ഡീസ് നിറമണിഞ്ഞ ചന്ദര്‍പോള്‍ 41.60 ശരാശരിയില്‍ 8,778 റണ്‍സും സ്വന്തമാക്കി. 1994 ഒക്ടോബറില്‍ ഇന്ത്യക്കെതിരേയായിരുന്നു ഏകദിന അരങ്ങേറ്റം. 2011 മാര്‍ച്ചില്‍ പാക്കിസ്ഥാനെതിരായ മത്സരത്തോടെ ഏകദിനപിച്ചില്‍നിന്ന് വിടവാങ്ങി.

വെബ്ദുനിയ വായിക്കുക