അന്ന് മുതൽ ഇന്ത്യൻ ബൗളിങ് വേറെ ലെവലാണ്: രവി ശാസ്ത്രി

അഭിറാം മനോഹർ

വ്യാഴം, 2 ജനുവരി 2020 (10:23 IST)
നിലവിൽ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും മികച്ച ബൗളിങ് നിരയുള്ള ടീമാണ് ഇന്ത്യ. ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും ഭുവനേശ്വർ കുമാറും ഉമേഷ് യാദവും ഇഷാന്തും അടങ്ങുന്ന പേസ് നിര ഏതൊരു ടീമിന്റെയും സ്വപ്നമാണ്. പണ്ട് ഏറ്റവും ദുർബലമായ ബൗളിങ് ഡിപ്പാർട്ട്മെന്റായിരുന്നു ഇന്ത്യയുടേത് എന്ന് കണക്കിലെടുക്കുമ്പോഴാണ് എത്ര വലിയ മാറ്റമാണ് ഇന്ത്യൻ ക്രിക്കറ്റിൽ സംഭവിച്ചതെന്ന് വ്യക്തമാകുക. ഇപ്പോളിതാ എന്ന് മുതലാണ് ഈ മാറ്റങ്ങൾ നടന്നത് എന്നത് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ടീമിന്റെ പരിശീലകനായ രവിശാസ്ത്രി.
 
2018ൽ നടന്ന ഇന്ത്യൻ ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനം മുതലാണ് ടീമിന്റെ ബൗളിങ് വേറെ ലെവലായതെന്നാണ് ശാസ്ത്രി പറയുന്നത്. അന്നത്തെ പരമ്പരയിൽ നടന്ന കേപ്ടൗൺ ടെസ്റ്റിന്റെ രണ്ടാമിന്നിങ്സിൽ ഇന്ത്യൻ ബൗളർമാർ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്ന് പറഞ്ഞ രവി ശാസ്ത്രി അന്നുമുതലാണ് ഇന്ത്യൻ ബൗളിങിന്റെ ഗ്രാഫ് മുകളിലേക്ക് ഉയരാൻ തുടങ്ങിയതെന്നും പറയുന്നു.
 
2018ൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിൽ ഉജ്ജ്വല പ്രകടനമായിരുന്നു ഇന്ത്യൻ ടീം പുറത്തെടുത്തത്. മത്സരങ്ങളിൽ എതിർ ടീമിനെ ചെറിയ സ്കോറുകളിൽ പുറത്താക്കാൻ ഇന്ത്യക്കാർക്ക് സാധിച്ചിരുന്നെങ്കിലും ബാറ്റ്സ്മാന്മാരുടെ മോശം പ്രകടനം ഇന്ത്യക്ക് തിരിച്ചടിയാവുകയായിരുന്നു.
 
ഇന്ത്യൻ ടീമിന്റെ പ്രകടനം മറ്റൊരു ലെവലിലേക്കെത്തിയെന്ന് ശാസ്ത്രി വിശേഷിപ്പിക്കുന്ന സീരീസിൽ ഇന്ത്യ പക്ഷേ (2-1)ന് പരാജയപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍