എനിക്ക് നിരാശ തോന്നി, പക്ഷേ അടുത്ത തവണ ഞാന്‍ നൂറടിക്കും; ആത്മവിശ്വാസത്തിന്റെ മറുപേരായി ഷഫാലി വര്‍മയെന്ന പതിനേഴുകാരി

Webdunia
വെള്ളി, 18 ജൂണ്‍ 2021 (12:11 IST)
ഇംഗ്ലണ്ട് പര്യടനത്തിലെ ഏക ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ വിയര്‍ക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 396 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തപ്പോള്‍ ഇന്ത്യ അഞ്ചിന് 187 എന്ന നിലയില്‍ പ്രതിരോധത്തിലായിരിക്കുകയാണ്. വിക്കറ്റ് നഷ്ടം കൂടാതെ 167 റണ്‍സ് എടുത്തതിനു ശേഷമാണ് ഇന്ത്യയുടെ തകര്‍ച്ച. 
 
ഓപ്പണര്‍മാരായ സ്മൃതി മന്ദാന (155 പന്തില്‍ 78), ഷഫാലി വര്‍മ (152 പന്തില്‍ 96) എന്നിവര്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു. ടെസ്റ്റ് അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി സ്വന്തമാക്കാനുള്ള അപൂര്‍വ നേട്ടം നാല് റണ്‍സ് അകലെയാണ് 17 വയസ് മാത്രം പ്രായമുള്ള ഷഫാലിക്ക് നഷ്ടമായത്. 
 
വെറും നാല് റണ്‍സ് അകലെ സെഞ്ചുറി നഷ്ടമായതില്‍ നിരാശയുണ്ടെന്ന് ഷഫാലി പറയുന്നു. 'സെഞ്ചുറിക്ക് തൊട്ടരികെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ ഏതൊരു താരത്തിനും തോന്നുന്ന നിരാശ എനിക്കും തോന്നി. എന്നാല്‍, അടുത്ത തവണ ഞാന്‍ സെഞ്ചുറി നഷ്ടപ്പെടുത്തില്ല. രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ എനിക്ക് എത്ര വയസുണ്ട് എന്നൊന്നും ഞാന്‍ ആലോചിക്കാറില്ല. ടീമിന് വേണ്ടി എത്രത്തോളം പ്രകടനം നടത്താന്‍ സാധിക്കും എന്നതില്‍ മാത്രമാണ് എന്റെ ശ്രദ്ധ,' ഷഫാലി പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article