മൂളിപ്പാട്ട് പാടി സെവാഗ് ബാറ്റ് ചെയ്യാന്‍ എത്തുന്നത് എന്തുകൊണ്ട്?

ബുധന്‍, 20 ഒക്‌ടോബര്‍ 2021 (15:28 IST)
മറ്റ് താരങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തനാണ് വിരേന്ദര്‍ സെവാഗ്. 99 ല്‍ നില്‍ക്കുമ്പോള്‍ റിസ്‌കി ഷോട്ടിലൂടെ സിക്‌സും ഫോറും പായിച്ച് സെഞ്ചുറിയടിക്കുക, നേരിടുന്ന ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടുക, വൈഡ് ലൈനിന് പുറത്തു പോകുന്ന പന്ത് പോലും അതിര്‍ത്തി കടത്താന്‍ ശ്രമിക്കുക തുടങ്ങിയ നിരവധി രസകരമായ സ്വഭാവത്തിനു ഉടമയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ സെവാഗ്. ബാറ്റ് ചെയ്യാന്‍ ക്രീസിലേക്ക് എത്തുമ്പോള്‍ മൂളിപ്പാട്ട് പാടുന്ന സെവാഗിനെയും നമ്മള്‍ കണ്ടിട്ടുണ്ട്. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നില്‍ക്കുമ്പോഴും സെവാഗ് ഇങ്ങനെ പാട്ട് പാടാറുണ്ട്. 
 
ബാറ്റ് ചെയ്യാന്‍ വരുമ്പോള്‍ പാട്ട് പാടുന്നത് എന്തിനാണെന്ന് പല അഭിമുഖങ്ങളിലും സെവാഗിനോട് ചോദിച്ചിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സെവാഗ് ഇതേ കുറിച്ച് പറഞ്ഞിട്ടുണ്ട്. 
 
'ഞാന്‍ ഗാര്‍ഡ് എടുക്കുമ്പോള്‍ മനസില്‍ നിന്ന് എല്ലാ നെഗറ്റീവ് ചിന്തകളും ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നു. മനസ് ഫ്രീയാക്കാനാണ് നോക്കുന്നത്. ഏതെങ്കിലും ഒരു പാട്ടി പാടിയോ അല്ലെങ്കില്‍ ഏതെങ്കിലും പാട്ടിന്റെ ഈണം മനസില്‍ മൂളിയോ ആണ് ഞാന്‍ മനസ് ഫ്രീയാക്കുക,' സെവാഗ് പറഞ്ഞു. 
 
സെവാഗിന്റെ 43-ാം ജന്മദിനമാണ് ഇന്ന്. ഇന്ത്യയ്ക്കായി 104 ടെസ്റ്റുകളില്‍ നിന്നായി 49.34 ശരാശരിയില്‍ 8,586 റണ്‍സും ഏകദിനത്തില്‍ 249 മത്സരങ്ങളില്‍ നിന്നായി 35.20 ശരാശരിയില്‍ 8,238 റണ്‍സും നേടിയ താരമാണ് സെവാഗ്. ഏകദിനത്തില്‍ 96 വിക്കറ്റുകളും ടെസ്റ്റില്‍ 40 വിക്കറ്റുകളും സെവാഗ് നേടിയിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍