ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മൽസരം നേരത്തെ തീരുമാനിച്ചത് പോലെ തന്നെ തിരുവനന്തപുരത്ത് വെച്ച് നടത്തണമെന്ന് ശശി തരൂര്‍ എം പി. വിഷയത്തില്‍ കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റര്‍സ് തലവന്‍ വിനോദ് റായിയെ ബന്ധപ്പെട്ടിട്ടുണ്ട്.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ക്രിക്കറ്റ് മത്സരം നടത്താന്‍ വിധം സജ്ജമാണ്. വിഷയത്തില്‍ ഇടപെടാമെന്ന് വിനോദ് റായി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മത്സരം കലൂരിലേക്ക് മാറ്റുന്നതിനുള്ള കെസിഎയുടെ തീരുമാനം സംശയകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവംബർ ഒന്നിനു കേരളപ്പിറവി ദിനത്തില്‍ നടക്കാനിരിക്കുന്ന മൽസരം കൊച്ചിയിലേക്ക് മാറ്റിയത് കഴിഞ്ഞ ദിവസമാണ്. കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ മത്സരം നടത്താൻ ജിസിഡിഎയും കേരളാ ക്രിക്കറ്റ് അസോസിയേഷനും തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനമാവുകയായിരുന്നു.
മാർച്ച് 24ന് നടക്കുന്ന കെസിഎ യോഗത്തിനു ശേഷമാകും അന്തിമ തീരുമാനമുണ്ടാവുക. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് അറിയിച്ചിരുന്ന മത്സരമാണ് കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലേക്ക് മാറ്റുന്നത്.
അതോടൊപ്പം, കലൂര്‍ സ്റ്റേഡിയം ക്രിക്കറ്റിനു നല്‍കിയതില്‍ ഫുട്‌ബോള്‍ താരങ്ങളായ സി കെ വിനീത്, ഇയാന്‍ ഹ്യൂം എന്നിവര്‍ സോഷ്യല്‍ മീഡിയില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.