സഞ്ജുവിനെ രാജസ്ഥാൻ കൈവിടുന്നോ? താരത്തിന് വമ്പൻ ഓഫർ മുന്നോട്ട് വെച്ച് 2 ടീമുകൾ

അഭിറാം മനോഹർ

വെള്ളി, 23 ഓഗസ്റ്റ് 2024 (15:17 IST)
ഐപിഎല്‍ വരാനിരിക്കുന്ന സീസണില്‍ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ കളിക്കില്ലെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. സഞ്ജുവിനെ സ്വന്തമാക്കാനായി 2 ഫ്രാഞ്ചൈസികള്‍ വലിയ ഓഫറുകള്‍ മുന്നോട്ട് വെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിനെ സ്വന്തമാക്കാനായി ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവുമാണ് മുന്നിലുള്ളത് എന്നാണ് സൂചനകള്‍.
 
 30 കോടിയോളം രൂപയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സഞ്ജുവിനായി മുന്നോട്ട് വെച്ച ഓഫറെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 20 കോടിയ്ക്ക് മുകളിലുള്ള തുകയാണ് ആര്‍സിബിയും താരത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. അടുത്ത സീസണില്‍ വിക്കറ്റ് കീപ്പര്‍ താരങ്ങള്‍ ഇല്ല എന്നതാണ് സഞ്ജുവിനെ ഈ ഫ്രാഞ്ചൈസികള്‍ നോട്ടമിടാനുള്ള കാരണം. ചെന്നൈയിലെത്തുകയാണെങ്കില്‍ ധോനിയുടെ പകരക്കാരന്റെ റോളിലാകും സഞ്ജു എത്തുക.
 
 2013 മുതല്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള സഞ്ജു സാംസണ് ഇതിന് മുന്‍പും മറ്റ് ഫ്രാഞ്ചൈസികളില്‍ നിന്നും വലിയ ഓഫറുകള്‍ ലഭിച്ചിരുന്നെങ്കിലും രാജസ്ഥാനില്‍ തന്നെ തുടരാനായിരുന്നു സഞ്ജുവിന്റെ തീരുമാനം. എന്നാല്‍ ഇത്തവണ വലിയ ഓഫറുകളും വമ്പന്‍ ടീമുകളും താരത്തിനായി രംഗത്തുള്ളതിനാല്‍ സഞ്ജു തന്റെ തീരുമാനം മാറ്റുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍