ഐപിഎല്‍ വരുമാനത്തില്‍ തൊട്ട് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 78 ശതമാനം അധികവര്‍ധനവാണ് ബിസിസിഐയ്ക്ക് ഉണ്ടായത്. 2023ലെ ആകെ വരുമാനം 11,769 കോടിയായി. അതേസമയം 2022ല്‍ ഉണ്ടായ ചിലവിലും വര്‍ധനവുണ്ടായിട്ടുണ്ട്. 2023 മുതല്‍ 5 വര്‍ഷക്കാലത്തേക്കുള്ള ടെലിവിഷന്‍- ഡിജിറ്റല്‍ സംപ്രേക്ഷണാവകാശ വില്പനയും ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് പുതുക്കിയതും വരുമാനം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
2023 മുതല്‍ അഞ്ച് വര്‍ഷത്തെ ടിവി സംപ്രേക്ഷണാവകാശത്തിന് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നിന്ന് 23,575 കോടിയും ഡിജിറ്റല്‍ സംപ്രേക്ഷണാവകാശത്തിന് ജിയോ സിനിമയില്‍ നിന്ന് 23,758 കോടി രൂപയുമാണ് ലഭിച്ചത്. ഇതാദ്യമായാണ് ബിസിസിഐ ടിവി, ഡിജിറ്റല്‍ അവകാശങ്ങള്‍ വെവ്വേറെ ലേലം ചെയ്യുന്നത്. കൂടാതെ ഐപിഎല്‍ ടൈറ്റില്‍ അവകാശത്തിന് 5 വര്‍ഷത്തിന് ടാറ്റാ സണ്‍സില്‍ നിന്നും 2500 കോടിയും അസോസിയേറ്റ് സ്‌പോണ്‍സര്‍ഷിപ്പ് വകയില്‍ 1485 കോടിയും ഐപിഎല്‍ മീഡിയ റൈറ്റ്‌സ് വിറ്റ വകയില്‍ 8744 കോടി രൂപയും ബിസിസിഐയ്ക്ക് ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.