Sanju Samson: പാകിസ്ഥാനെതിരെ ദുബെയെ കൊണ്ട് കാര്യമില്ല, സഞ്ജുവിനെ പകരം കളിപ്പിക്കണമെന്ന് മഞ്ജരേക്കർ

അഭിറാം മനോഹർ

ഞായര്‍, 9 ജൂണ്‍ 2024 (11:57 IST)
ടി20 ലോകകപ്പില്‍ ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന ഇന്ത്യ- പാക് പോരാട്ടം ഇന്ന്. ആദ്യമത്സരത്തില്‍ അയര്‍ലന്‍ഡിനെ തകര്‍ത്ത് ഇറങ്ങുന്ന ഇന്ത്യയ്ക്ക് അമേരിക്കയോട് തോറ്റെത്തുന്ന പാകിസ്ഥാന്‍ വെല്ലുവിളി സൃഷ്ടിക്കില്ലെന്നാണ് കരുതുന്നത്. എന്നാല്‍ 100 റണ്‍സിന് മുകളില്‍ സ്‌കോര്‍ നേടാന്‍ തന്നെ കഷ്ടമാകുന്ന ന്യൂയോര്‍ക്കിലെ പിച്ചില്‍ നടക്കുന്ന മത്സരം ഇന്ത്യയ്ക്ക് വെല്ലുവിളിയായേക്കാം. പിച്ചിന്റെ ആനുകൂല്യം മുതലെടുക്കാന്‍ സാധിക്കുന്ന പേസ് നിര ഇത്തവണ പാകിസ്ഥാനുണ്ട്.
 
പിച്ചിനെ പറ്റി ഈ പേടി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അയര്‍ലന്‍ഡിനെതിരെ കളിച്ച ഇന്ത്യന്‍ ടീമില്‍ നിന്നും എന്തെങ്കിലും മാറ്റം ഇന്നുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. ഈ സമയത്ത് മികച്ച ബാറ്റിംഗ് ടച്ചിലുള്ള സഞ്ജുവിന് ഇന്നത്തെ മത്സരത്തില്‍ അവസരം നല്‍കണമെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ സഞ്ജയ് മഞ്ജരേക്കര്‍. ശിവം ദുബെയ്ക്ക് പകരം ഇന്ന് സഞ്ജുവിന് ടീം അവസരം നല്‍കണമെന്നാണ് മഞ്ജരേക്കറുടെ ആവശ്യം. ഇതിന് കൃത്യമായ കാരണങ്ങളും മഞ്ജരേക്കര്‍ പറയുന്നു.
 
 ശിവം ദുബെയെ കൊണ്ട് പന്തെറിയിക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ സഞ്ജുവിന് ഇന്ത്യ അവസരമൊരുക്കണം. സഞ്ജു തന്റെ കരിയറിലെ മികച്ച ബാറ്റിംഗ് ഫോമിലാണ്. കൂടാതെ സാങ്കേതികമായി ദുബെയേക്കാള്‍ മികച്ച ബാറ്ററാണ് സഞ്ജു. സ്പിന്നിനെതിരെയും പേസിനെതിരെയും മികച്ച ടെക്‌നിക്കും മികച്ച ഷോട്ടുകളും സഞ്ജുവിനുണ്ട്. പിച്ച് ബൗളിംഗിന് പിന്തുണ നല്‍കുമെന്ന സാഹചര്യത്തില്‍ ടെക്‌നിക്കലി മികച്ച ഒരു കളിക്കാരനാകണം ഇന്ത്യ അവസരം നല്‍കേണ്ടത് മഞ്ജരേക്കര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍