പന്ത് തുടര്‍ച്ചയായി നിരാശപ്പെടുത്തുന്നു; സഞ്ജുവിന് അവസരങ്ങള്‍ കൊടുക്കാന്‍ സെലക്ടര്‍മാര്‍, ഇനിവരുന്ന പരമ്പരകള്‍ നിര്‍ണായകം

ബുധന്‍, 15 ജൂണ്‍ 2022 (15:59 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ മോശം ഫോം റിഷഭ് പന്തിന്റെ കരിയറിന് വെല്ലുവിളി. മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പന്ത് ആകെ നേടിയത് 40 റണ്‍സാണ്. മൂന്ന് കളികളിലും അത്രയൊന്നും സമ്മര്‍ദ്ദമില്ലാത്ത നേരത്താണ് പന്ത് ക്രീസിലെത്തിയത്. എന്നിട്ടും സ്‌കോര്‍ ചെയ്യാന്‍ സാധിക്കാത്തത് താരത്തിനു തിരിച്ചടിയാകുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നതും പന്താണ്. 
 
പന്തിന്റെ ഫോം ഇതിനോടകം ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. നായകനെന്ന നിലയിലും പന്ത് നിരാശപ്പെടുത്തുകയാണ്. അപ്പോഴാണ് പന്തിന് പകരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ കൂടി പന്ത് നിരാശപ്പെടുത്തിയാല്‍ ഇനിവരുന്ന പരമ്പരകളില്‍ പന്തിന് പകരം സഞ്ജുവിന് സാധ്യത തെളിയും. 
 
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്ക് ശേഷം നടക്കുന്ന അയര്‍ലന്‍ഡ് പര്യടനത്തില്‍ സഞ്ജു ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ലോകകപ്പിന് മുന്‍പ് സഞ്ജുവിന് വിദേശത്ത് കൂടുതല്‍ അവസരം നല്‍കാന്‍ ബിസിസിഐയും സെലക്ടര്‍മാരും തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. അയര്‍ലന്‍ഡ് പര്യടനത്തിനായി ഒരുങ്ങിയിരിക്കാന്‍ സഞ്ജുവിന് ബിസിസിഐ നിര്‍ദേശം നല്‍കിയതായും വിവരമുണ്ട്. 
 
അയര്‍ലന്‍ഡ് പര്യടനത്തിനു ശേഷം നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിലും സഞ്ജു ഇടം പിടിച്ചേക്കും. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരായ മത്സരത്തിലെ പ്രകടനം സഞ്ജുവിന്റെ ഭാവി നിര്‍ണയിക്കും. ഈ പരമ്പരകളില്‍ മികച്ച പ്രകടനം നടത്തിയാല്‍ സഞ്ജുവിന് ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പ്. വിദേശ പിച്ചുകളില്‍ പേസിനേയും സ്പിന്നിനേയും ഒരുപോലെ കളിക്കാന്‍ കഴിവുള്ള താരങ്ങള്‍ വേണമെന്നാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ നിലപാട്. അതിനാലാണ് സഞ്ജുവിനെ പരിഗണിക്കുന്നത്. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍