ഐപിഎല്ലിലെ മികച്ച പ്രകടനത്തോടെ പലകുറി ഇന്ത്യയുടെ ടി20 ടീമില്‍ അവസരം നേടിയെങ്കിലും കുട്ടി ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കാന്‍ മലയാളി താരം സഞ്ജു സാംസണിനായിട്ടില്ല. എന്നാല്‍ ഏറെ വൈകി ഏകദിന ക്രിക്കറ്റില്‍ അവസരം കിട്ടിയ സഞ്ജു കിട്ടിയ അവസരങ്ങളെല്ലാം തന്നെ മുതലാക്കുകയാണ്. വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനമത്സരത്തില്‍ നിറം മങ്ങിയെങ്കിലും പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി താരം കളം നിറഞ്ഞൂ. 41 പന്തില്‍ നിന്നും 51 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ഏകദിനത്തില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ സഞ്ജുവിന്റെ പ്രകടനങ്ങള്‍ കണക്കെടുക്കുമ്പോള്‍ ഇതുവരെ 12 ഇന്നിങ്ങ്‌സുകളില്‍ നിന്നും 3 അര്‍ഷസെഞ്ചുറി ഉള്‍പ്പടെ 55.71 എന്ന ശരാശരിയില്‍ 390 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. ഇന്ത്യയുടെ ഇതിഹാസതാരമായ കോലിയാകട്ടെ ഇത്രയും ഇന്നിങ്ങ്‌സുകള്‍ പിന്നിടുമ്പോള്‍ സ്വന്തമാക്കിയത് 377 റണ്‍സാണ്. 37.70 ശരാശരിയില്‍ 3 അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പടെയാണ് ഈ നേട്ടം. ദക്ഷിണാഫ്രിക്കക്കെതിരെ 63 പന്തില്‍ പുറത്താകാതെ നേടിയ 86 റണ്‍സാണ് സഞ്ജുവിന്റെ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍.