ക്രിക്കറ്റ് ആരാധകരെ ഏറെ അത്ഭുതപ്പെടുത്തിയ ടീം പ്രഖ്യാപനമായിരുന്നു അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനം. ഏറെ നാളത്തെ പരിക്കിന് ശേഷം ടീമില്‍ തിരിച്ചെത്തുന്ന ജസ്പ്രീത് ബുമ്രയാണ് യുവതാരങ്ങള്‍ അണിനിരക്കുന്ന പരമ്പരയിലെ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. നേരത്തെ തന്നെ രോഹിത് ശര്‍മ,ഹാര്‍ദ്ദിക് പാണ്ഡ്യ,കെ എല്‍ രാഹുല്‍ എന്നിങ്ങനെ ടീമിലെ പകുതി താരങ്ങളും ഇന്ത്യന്‍ ടീമിന്റെ നായകന്മാരാണ്.
വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ പല സീരീസുകളിലും വിശ്രമത്തിലായിരുന്നതിനെ തുടര്‍ന്ന് സീനിയര്‍ താരമായിരുന്ന ശിഖര്‍ ധവാനായിരുന്നു ആദ്യം ഇന്ത്യന്‍ ടീമിനെ നയിച്ചത്. പിന്നീട് ഏകദിനങ്ങളിലും ടെസ്റ്റിലും രോഹിത് ശര്‍മ ഇന്ത്യന്‍ നായകനായി മാറി. രോഹിത് ഇല്ലാത്ത സാഹചര്യങ്ങളില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. എന്നാല്‍ അടുത്ത 12 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ തങ്ങളുടെ കളിക്കാരില്‍ പകുതിയിലധികം പേരെയും നായകന്മാരാക്കി പരീക്ഷിച്ചുവെന്ന് സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ പറയുന്നു.
വിവിധ ഫോര്‍മാറ്റുകളിലായി കഴിഞ്ഞ 2 വര്‍ഷത്തിനിടെ പത്തോളം നായകന്മാരെയാണ് ഇന്ത്യ പരീക്ഷിച്ചത്. പതിനൊന്ന് പേരെ പരീക്ഷിച്ച് ക്യാപ്റ്റന്‍സ് ഇലവനെ കളിപ്പിക്കാനാണ് ഇന്ത്യ തയ്യാറെടുക്കുന്നതെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്ക് പുറമെ റിഷഭ് പന്ത്,ഹാര്‍ദ്ദിക് പാണ്ഡ്യ,കെ എല്‍ രാഹുല്‍,ജസ്പ്രീത് ബുമ്ര,അജിങ്ക്യ രഹാനെ,ശിഖര്‍ ധവാന്‍, ഏഷ്യന്‍ കപ്പില്‍ റുതുരാജ് ഗെയ്ക്ക്വാദ് എന്നിവരെയാണ് ഇന്ത്യ ഇതുവരെ നായകന്മാരാക്കിയത്.
ഓരോ പരമ്പരയിലും ഓരോ നായകന്മാര്‍ വരുന്നത് ടീമിന്റെ ഘടനയെ തന്നെ ബാധിക്കുമെന്ന് ഏത് കൊച്ചുകുട്ടിക്കും മനസിലാകുമെങ്കിലും ആ ലോജിക് പോലും പരിഗണിക്കാതെയാണ് ലോകകപ്പ് പോലൊരു ടൂര്‍ണമെന്റ് അടുത്തെത്തുമ്പോഴും ഇന്ത്യയിലെ സ്ഥിതി. ഏകദിന ലോകകപ്പ് അടുത്തിരിക്കുന്ന സമയത്ത് വെസ്റ്റിന്‍ഡീസിനെതിരെ 5 ടി20 മത്സരങ്ങളും അയര്‍ലന്‍ഡിനെതിരെ 3 ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയ ഇന്ത്യ ലോകകപ്പിന് മുന്‍പ് ഫുള്‍ സ്‌ക്വാഡുമായി ഇറങ്ങുന്നത് ഏഷ്യാകപ്പില്‍ മാത്രമാകും. ഈ ഇടവേളയില്‍ ടി20 മത്സരങ്ങള്‍ ഇന്ത്യ ധാരാളം കളിക്കുന്നുണ്ടെങ്കിലും ഏകദിനമത്സരങ്ങള്‍ തീരെ കുറവാണ്. ഈ കാര്യത്തെയും ആരാധകര്‍ വിമര്‍ശിക്കുന്നുണ്ട്.