Sanju Samson: മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയുടെ ലോകകപ്പ് പ്ലേയിങ് ഇലവനിലേക്ക്. ട്വന്റി 20 ലോകകപ്പിനുള്ള സ്‌ക്വാഡില്‍ സഞ്ജു ഉണ്ടെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിലും കളിക്കാന്‍ അവസരം ലഭിച്ചില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും സഞ്ജുവിനെ ഇറക്കാനാണ് സാധ്യത. മധ്യനിരയില്‍ സൂര്യകുമാര്‍ യാദവ്, ശിവം ദുബെ എന്നിവര്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന സാഹചര്യത്തിലാണ് സഞ്ജുവിനെ കളത്തിലിറക്കാന്‍ ആലോചന.
ഓപ്പണര്‍ സ്ഥാനത്തു നിന്ന് വിരാട് കോലിയും മാറും. പകരം ഇടംകൈയന്‍ ബാറ്റര്‍ യഷസ്വി ജയ്‌സ്വാള്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. വിരാട് കോലി വണ്‍ഡൗണ്‍ ആയാകും ഇനി ഇറങ്ങുക. റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍ എന്നിങ്ങനെയായിരിക്കും നാല് മുതല്‍ ഏഴ് വരെയുള്ള പൊസിഷനുകളില്‍ ബാറ്റ് ചെയ്യാനെത്തുക. രവീന്ദ്ര ജഡേജയ്ക്കു പകരം കുല്‍ദീപ് യാദവും പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിക്കും.
അയര്‍ലന്‍ഡ്, പാക്കിസ്ഥാന്‍ എന്നിവര്‍ക്കെതിരായ മത്സരങ്ങളില്‍ സൂര്യകുമാര്‍ യാദവ് അമ്പേ പരാജയമായിരുന്നു. ഈ സാഹചര്യത്തിലാണ് സൂര്യയെ മാറ്റി പകരം സഞ്ജുവിനെ ഇറക്കാന്‍ ആലോചിക്കുന്നത്. ശിവം ദുബെയ്ക്ക് ബൗളിങ് ചെയ്യേണ്ട സാഹചര്യം ഇല്ലാത്തതിനാല്‍ പകരം ജയ്‌സ്വാളിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി കോലിയെ വണ്‍ഡൗണ്‍ ആക്കാനാണ് ഇന്ത്യന്‍ ടീം ആലോചിക്കുന്നത്. കാനഡ, യുഎസ്എ എന്നീ ടീമുകള്‍ക്കെതിരെയാണ് ഇന്ത്യയുടെ ശേഷിക്കുന്ന മത്സരങ്ങള്‍.