അവസാന ഏകദിനത്തിൽ സെഞ്ചുറി, സഞ്ജുവിനെ ഒഴിവാക്കാനാവില്ല, ശ്രീലങ്കൻ പര്യടനത്തിൽ കളിച്ചേക്കും

അഭിറാം മനോഹർ
വെള്ളി, 12 ജൂലൈ 2024 (13:51 IST)
സിംബാബ്വെ പര്യടനത്തിന് ശേഷം നടക്കുന്ന ശ്രീലങ്കന്‍ സീരീസില്‍ മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിച്ചേക്കുമെന്ന് സൂചന. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ഇന്ത്യന്‍ ടീം ശ്രീലങ്കയില്‍ കളിക്കുക. ഈ മാസം 26,27,29 തിയതികളിലാണ് ടി20 മത്സരങ്ങള്‍ നടക്കുക. അടുത്ത മാസം 1,4,7 തിയതികളില്‍ ഏകദിന മത്സരങ്ങളും നടക്കും. ഗൗതം ഗംഭീര്‍ ടീം കോച്ചായി ചുമതലയേല്‍ക്കുന്നത് ഈ പരമ്പരയോടെയാകും.
 
ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ വിരാട് കോലി,രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര എന്നിവര്‍ക്ക് പരമ്പരയില്‍ വിശ്രമം അനുവദിച്ചേക്കും. ഈ സാഹചര്യത്തില്‍ ഏകദിനത്തിലും ടി20യിലും പുതിയ നായകന്മാരുമായാകും ഇന്ത്യ ഇറങ്ങുക. ടി20യില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ തന്നെയാകും നായകനാവുക. ഏകദിനത്തില്‍ കെ എല്‍ രാഹുലിനാകും സാധ്യത എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഏകദിനത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം നേടുമെന്നാണ് കരുതുന്നത്. 
 
അവസാനം കളിച്ച ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ സഞ്ജു സെഞ്ചുറി സ്വന്തമാക്കിയിരുന്നു. കൂടാതെ ഇതുവരെ നടത്തിയ പ്രകടനങ്ങളും സഞ്ജുവിന്റെ ഏകദിനത്തിലെ സ്ഥാനം ഉറപ്പിക്കുന്നതാണ്. ഹാര്‍ദ്ദിക് പാണ്ഡ്യ,സൂര്യകുമാര്‍ യാദവ്,റിഷഭ് പന്ത് എന്നിവര്‍ ടി20 ടീമില്‍ തിരിച്ചെത്തുന്നതോടെ ബാക്കപ്പ് കീപ്പറെന്ന നിലയിലാകും ടി20യില്‍ സഞ്ജു ഉള്‍പ്പെടുക.
 

അനുബന്ധ വാര്‍ത്തകള്‍

Next Article