ദുലീപ് ട്രോഫിയില്‍ ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ ഡി ടീമിനെതിരെ മായങ്ക് അഗര്‍വാള്‍ നയിക്കുന്ന ഇന്ത്യ എ ടീം ആദ്യ ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ഇന്ത്യ ഡി നായകന്‍ ശ്രേയസ് അയ്യര്‍ ബൗളിംഗ് തെരെഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ തോറ്റ ഇരുവര്‍ക്കും ടൂര്‍ണമെന്റില്‍ നിലനില്‍ക്കാന്‍ ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്.
ആദ്യ മത്സരത്തില്‍ ടീമിലില്ലാതിരുന്ന മലയാളി താരം സഞ്ജു സാംസണ്‍ രണ്ടാം മത്സരത്തില്‍ ഇടം പിടിച്ചു. ഇന്ത്യ ഡിയ്ക്കായി ആദ്യ മത്സരം കളിച്ച കെ എസ് ഭരത് നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു നടത്തിയത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് നടക്കുന്ന മത്സരമായതിനാല്‍ തന്നെ ടെസ്റ്റ് അരങ്ങേറ്റത്തിനുള്ള സാധ്യതകളാണ് സഞ്ജുവിന് മുന്നില്‍ ഒരുങ്ങുന്നത്.
നേരത്തെ പരിക്കേറ്റ ഇഷാന്‍ കിഷന് പകരമാണ് സഞ്ജു സാംസണ്‍ ടീമിലെത്തിയത്. എന്നാല്‍ ആദ്യ മത്സരത്തില്‍ കെ എസ് ഭരതായിരുന്നു ടീമിന്റെ വിക്കറ്റ് കീപ്പര്‍. ആദ്യ ഇന്നിങ്ങ്‌സില്‍ 13 റണ്‍സും രണ്ടാം ഇന്നിങ്ങ്‌സില്‍ 16 റണ്‍സുമാണ് ഭരത് മത്സരത്തില്‍ നേടിയത്.