ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20ക്ക് മുന്‍പായി പേസര്‍മാരുടെ ബൗണ്‍സറുകള്‍ നേരിടാനായി പ്രത്യേക പരിശീലനം നടത്തി മലയാളി താരം സഞ്ജു സാംസണ്‍. ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് സീതാന്‍ഷു കൊടകിന് കീഴില്‍ സിമെന്റ് പിച്ചില്‍ പ്ലാസ്റ്റിക് പന്തുപയോഗിച്ച് മുക്കാല്‍ മണിക്കൂറോളം ബൗണ്‍സറുകള്‍ നേരിടാനായി പുള്‍ ഷോട്ടുകളും ഹുക്ക് ഷോട്ടുകളുമാണ് സഞ്ജു പരിശീലിച്ചത്.
എക്‌സ്ട്രാ പേസുള്ള പന്തുകള്‍ക്കെതിരെ പരമ്പരാഗത ഷോട്ടുകളായ പുള്‍, ഹുക്ക് എന്നിവയ്ക്ക് പുറമെ കട്ട്, റംപ് ഷോട്ടുകളും സഞ്ജു പരിശീലിച്ചു. ആദ്യ 2 ടി20 മത്സരങ്ങളിലും ജോഫ്ര ആര്‍ച്ചറുടെ ഷോര്‍ട്ട് ബോളുകള്‍ക്ക് മുന്നില്‍ സഞ്ജു പതറിയിരുന്നു. അതിവേഗ പേസര്‍മാരുടെ പന്തുകളെ ആക്രമിച്ച് കളിക്കാനുള്ള സമീപനവും സഞ്ജുവിന് തിരിച്ചടിയായിരുന്നു. വരും മത്സരങ്ങളില്‍ ഷോര്‍ട്ട് ബോളുകള്‍ കളിക്കാനുള്ള സഞ്ജുവിന്റെ ദൗര്‍ബല്യം ബൗളര്‍മാര്‍ മുതലെടുക്കാനുള്ള സാധ്യത തിരിച്ചറിഞ്ഞാണ് സഞ്ജു പ്രത്യേക പരിശീലനം നടത്തിയത്.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തില്‍ 20 പന്തില്‍ 26 റണ്‍സ് നേടിയെങ്കിലും 14 പന്തുകളില്‍ സഞ്ജ്ദു വെറും 4 റണ്‍സ് മാത്രമാണ് നേടിയിരുന്നത്. രണ്ടാം മത്സരത്തില്‍ 7 പന്തില്‍ 5 റണ്‍സാണ് താരം നേടിയത്. 2 മത്സരത്തിലും 150 കിലോമീറ്റര്‍ വേഗത വരുന്ന പന്തുകള്‍ക്ക് മുന്നില്‍ സഞ്ജു പതറിയിരുന്നു. 2 മത്സരങ്ങളിലും ഷോര്‍ട്ട് ബോളില്‍ ആര്‍ച്ചര്‍ തന്നെയായിരുന്നു സഞ്ജുവിനെ വീഴ്ത്തിയത്.