വീണ്ടും സഞ്ജുവിന് അവഗണന; വിമര്‍ശനങ്ങള്‍ കുറയ്ക്കാന്‍ ട്വന്റി 20 ടീമില്‍ പേരിനൊരു സ്ഥാനം !

ബുധന്‍, 28 ഡിസം‌ബര്‍ 2022 (09:59 IST)
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ട്വന്റി 20 പരമ്പരകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ ബിസിസിഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. സഞ്ജു സാംസണെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. വിമര്‍ശനങ്ങളുടെ കാഠിന്യം കുറയ്ക്കാന്‍ ട്വന്റി 20 ടീമില്‍ സഞ്ജുവിന് പേരിനൊരു ഇടം നല്‍കിയതാണെന്നാണ് ആരാധകരുടെ പ്രധാന വിമര്‍ശനം. 
 
ഏകദിന സ്‌ക്വാഡില്‍ ഇപ്പോള്‍ മോശം ഫോമിലുള്ള കെ.എല്‍.രാഹുല്‍ വരെ സ്ഥാനം പിടിച്ചിട്ടുണ്ട്. എന്നിട്ടും സഞ്ജുവിന് സ്ഥാനമില്ല. ഈ വര്‍ഷം ഇന്ത്യക്ക് വേണ്ടി ഏകദിനത്തില്‍ കളിച്ചപ്പോഴെല്ലാം സഞ്ജു ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുണ്ട്. എന്നിട്ടും താരത്തിനെതിരായ അവഗണന തുടരുകയാണ്. 
 
ഏകദിനത്തില്‍ 70 നടുത്ത് ശരാശരിയാണ് സഞ്ജുവിനുള്ളത്. നിലവില്‍ ഏകദിന സ്‌ക്വാഡില്‍ സ്ഥാനംപിടിച്ച പല പ്രമുഖ താരങ്ങളേക്കാളും മികവ് പുലര്‍ത്താന്‍ സഞ്ജുവിന് സമീപകാലത്ത് സാധിച്ചിട്ടുണ്ട്. സഞ്ജുവിന് ഇതുവരെ അവസരം ലഭിച്ചിരിക്കുന്നത് വെറും 11 ഏകദിനങ്ങളില്‍ മാത്രം. 66 ശരാശരിയില്‍ 330 റണ്‍സ് താരം നേടിയിട്ടുണ്ട്. 104.76 ആണ് സ്‌ട്രൈക്ക് റേറ്റ്. 43 നോട്ട് ഔട്ട്, 15, 86 നോട്ട് ഔട്ട്, രണ്ട് നോട്ട് ഔട്ട്, 36 എന്നിങ്ങനെയാണ് അവസാന ആറ് ഇന്നിങ്‌സുകളിലെ സഞ്ജുവിന്റെ വ്യക്തിഗത സ്‌കോര്‍. മറ്റ് പല താരങ്ങളേക്കാളും മികവ് പുലര്‍ത്തിയിട്ടും സഞ്ജുവിന് സെലക്ടര്‍മാര്‍ അവസരങ്ങള്‍ നല്‍കാത്തത് ആരാധകരെ ചൊടിപ്പിക്കുന്നുണ്ട്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍