സഞ്ജുവിൽ വലിയ മാറ്റങ്ങൾ: ഇന്ത്യൻ ക്രിക്കറ്റിന് ശുഭസൂചനയെന്ന് ജഡേജ

ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (14:46 IST)
സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ തോൽവിയിലേക്ക് വീണെങ്കിലും രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിനെ പുകഴ്‌ത്തുന്ന തിരക്കിലാണ് ക്രിക്കറ്റ് ലോകം. മികച്ച പ്രകടനങ്ങൾ നടത്തുമ്പോഴും സ്ഥിരതയില്ലായ്മ മൂലം പലപ്പോഴും സഞ്ജു വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ഇന്ത്യൻ ടീമിൽ അവസരങ്ങൾ ലഭിച്ചപ്പോൾ ഒന്നും അത് മുതലാക്കാനും താരത്തിനായിരുന്നില്ല. എന്നാൽ വിമർശകർക്ക് തുടർച്ചയായ അർധ സെഞ്ചുറികൾ കൊണ്ടാണ് സഞ്ജു മറുപടി നൽകിയിരിക്കുന്നത്.
 
ഹൈദരാബാദിനെതിരെ 57 പന്തിൽ 82 റൺസായിരുന്നു സഞ്ജു നേടിയത്. 7 ഫോറും 3 സിക്‌സുകളും ഇതിൽ ഉൾപ്പെടുന്നു. സഞ്ജുവിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് മുൻ ഇന്ത്യൻ താരമായ അജയ് ജഡേജ അഭിപ്രായപ്പെടുന്നത്. പോസിറ്റീവായ ഒരു മാറ്റമാണ് സഞ്ജുവിൽ നടന്നിട്ടുള്ളത്. ഇന്നിങ്സ് ആരംഭിക്കുമ്പോൾ സഞ്ജു സമയമെടുക്കുന്നുണ്ട്. അത് അത്യാവശ്യമാണ്. സ്ഥിരതയുള്ള താരങ്ങളെല്ലാം സാധാരണയായി നിലയുറപ്പിക്കാൻ സമയമെടുക്കും.
 
സഞ്ജു തന്റെ പേസ് കുറച്ചു. ഇപ്പോഴത്തെ മാറ്റം സഞ്ജുവിന്റെ മുന്നോട്ട് പോക്കിനെ സഹായിക്കും. തുടരെ റൺസ് കണ്ടെത്താൻ അത് കാരണമാകും. സഞ്ജുവിനും ഇന്ത്യയ്ക്കും ഇത് ശുഭസൂചനയാണ് ജഡേജ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍