ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്‌റ്റില്‍ വമ്പന്‍ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ തോല്‍വിക്ക് കാരണങ്ങള്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി വ്യക്തമാക്കിയിരുന്നു. ഓസ്‌ട്രേലിയ മുന്നില്‍വച്ച വിജയലക്ഷ്യം ടീമിന് എത്തിപ്പിടിക്കാന്‍ സാധിക്കുന്നതായിരുന്നു. എന്നാല്‍ പിച്ചിനെ നന്നായി ഉപയോഗിച്ച് കളിക്കുന്നതില്‍ അവരാണ് വിജയിച്ചതെന്ന് നായകൻ വ്യക്തമാക്കി. ബാറ്റിങ്ങില്‍ പരാജയമായ കോലിക്ക് നേരെയും വിമര്‍ശന കൂരമ്പുകള്‍ നീണ്ടു.
എന്നാല്‍ ഈ വിമര്‍ശനങ്ങളുടെയെല്ലാം മുനയൊടിച്ച് ഇന്ത്യക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്ന വാക്കുകളുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍ രംഗത്തെത്തി. ഒരു പരാജയം കൊണ്ട് ഇന്ത്യ ഇതുവരെ നേടിയ വിജയങ്ങളെയെല്ലാം വിസ്മരിക്കാൻ ആകില്ലെന്ന് താരം വ്യക്തമാക്കി.
ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടു എന്നു കരുതി പരമ്പരയിലെ എല്ലാ മത്സരങ്ങളിലും ഇന്ത്യ തോല്‍ക്കണമെന്നില്ല. ഇപ്പോഴും ഇന്ത്യക്ക് മുന്നില്‍ അവസരങ്ങളുണ്ട്. മറുപടി നല്‍കാന്‍ ഇനിയും മൂന്നു ടെസ്റ്റുകള്‍ ഇന്ത്യക്ക് മുന്നിലുണ്ട്. ഇന്ത്യയെന്ന ടീം തിരിച്ചടിക്കുന്നവരാണ്. ഇന്ത്യന്‍ ടീം തിരിച്ചുവരവ് നടത്തുമെന്ന കാര്യത്തില്‍ എനിക്ക് ഒരു സംശയവുമില്ല. സച്ചിൻ പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും മോശം ബാറ്റിങ്ങാണ് പൂനെയില്‍ ഓസ്‌ട്രേലിയക്കെതിരെ കണ്ടത്. മോശപ്പെട്ട രണ്ടു സെഷനുകളാണ് തോല്‍വിക്കും തിരിച്ചടിക്കും കാരണം. ഓസ്‌ട്രേലിയ അര്‍ഹിക്കുന്ന വിജയമാണ് അവര്‍ സ്വന്തമാക്കിയതെന്നും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ പറഞ്ഞു.
അതേസമയം, മത്സര ശേഷം ടീമിന് ജയം സമ്മാനിച്ച സ്‌പിന്നര്‍ കീഫിനെ പ്രശംസകള്‍ കൊണ്ട് മൂടി ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ സ്‌റ്റീവ് സ്‌മിത്ത് രംഗത്തെത്തി. രണ്ടാം ഇന്നിംഗ്‌സില്‍ സ്‌മിത്ത് നിര്‍ണായക സെഞ്ചുറി നേടിയിരുന്നു.