താന്‍ സച്ചിനോട് ചെയ്‌തത് ഒരിക്കലും ഇന്ത്യാക്കാര്‍ മറക്കില്ല: മഗ്രാത്ത്
വ്യാഴം, 18 ജൂണ്‍ 2015 (14:22 IST)
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിനെ ചില കളികളില്‍ പുറത്താക്കിയ രീതികള്‍ ഒരിക്കലും ഇന്ത്യന്‍ ആരാധകര്‍ മറക്കില്ലെന്ന് ഓസ്ട്രേലിയന്‍ പേസ് ബോളര്‍ ഗ്ലെന്‍ മഗ്രാത്ത്. സച്ചിനെതിരെ പന്തെറിഞ്ഞ പല മത്സരങ്ങളും മറക്കാനാകില്ലെന്നും, സച്ചിന്റെ വിലപ്പെട്ട വിക്കറ്റുകള്‍ നേടാന്‍ കഴിഞ്ഞത് എന്നും ഓര്‍ക്കാന്‍ പറ്റാത്തതാണെന്നും മുന്‍ ഓസീസ് പേസര്‍ വ്യക്തമാക്കി.
ഓസ്ട്രേലിയക്കെതിരെ മികച്ച റെക്കോര്‍ഡാണ് സച്ചിനുള്ളത്. അദ്ദേഹം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളതും ഞങ്ങള്‍ക്ക് എതിരെയാണ്. 90കളുടെ അവസാനത്തിലും 2000ത്തിന്റെ തുടക്കത്തിലുമായിരുന്നു സച്ചിനും താനും കൂടുതല്‍ നേര്‍ക്കുനേര്‍ വന്നത്. എന്നാല്‍ 2003ലെ ലോകകപ്പ് ഫൈനലില്‍ സച്ചിനെ പുറത്താക്കിയത് ഇപ്പോഴും ഇന്ത്യയിലെ ആരാധകര്‍ മറന്നു കാണില്ലെന്നും മഗ്രാത്ത് പറഞ്ഞു.
തന്റെ ഓവറിലെ പന്തില്‍ സച്ചിന്‍ ഫോര്‍ നേടി, അടുത്ത പന്ത് അപ്രതീക്ഷിതമായി കുത്തിയുയര്‍ന്നതോടെ പന്തിന്റെ ഗതി മനസിലാക്കാതെ സച്ചിന്‍ ബാറ്റ് വീശുകയും അനായാസമായ റിട്ടേണ്‍ ക്യാച്ച് നല്‍കുകയുമായിരുന്നുവെന്നും മഗ്രാത്ത് പറഞ്ഞു. ആ വിക്കറ്റ് മറക്കാനാവാത്തതാണെങ്കിലും സച്ചിനെ പുറത്താക്കിയത് ഇപ്പോഴും ഇന്ത്യയിലെ ആരാധകര്‍ മറന്നു കാണില്ല. ആ കുറ്റത്തിന് അവര്‍ ഇപ്പോഴും എന്നോട് ക്ഷമിച്ചെന്നും കരുതുന്നില്ലെന്നും ഓസ്ട്രേലിയന്‍ താരം പറഞ്ഞു.
1999ല്‍ അഡലൈഡ് ടെസ്റ്റിനിടെ സച്ചിനെ എല്‍ബിഡബ്ലുവിലൂടെ പുറത്താക്കിയത് സച്ചിന്‍ തന്റെ ആത്മകഥയില്‍ പോലും വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ അന്നത്തെ എല്‍ബി താന്‍ തെറ്റായിരുന്നെന്ന് കരുതുന്നില്ല. സച്ചിന്‍ ഉയരം കുറഞ്ഞ താരമാണ്. അദ്ദേഹം നിലത്തിരുന്നപ്പോള്‍ എനിക്ക് ബെയില്‍ പോലും വ്യക്തമായി കാണാമായിരുന്നു’ അതിനാലാണ് അപ്പീല്‍ ചെയ്‌തതെന്നും മഗ്രാത്ത് പറഞ്ഞു.