എന്ത് ബു‌മ്ര? ഫുൾ ലെങ്‌ത് പന്തിനെ സ്വീപ് ചെയ്‌ത് ഗെയ്ക്ക്‌വാദ്, മരണമാസെന്ന് ആരാധകർ

തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (15:01 IST)
ഐപിഎൽ പതിനാലാം സീസണിലെ ചെന്നൈയുടെ തുറുപ്പുചീട്ട് ആരാണെന്ന് ചോദ്യത്തിന് ഒരൊറ്റ ഉത്തരമെ ഉള്ളു. അത് ചെന്നൈയുടെ യുവ ഓപ്പണിങ് താരം റുതുരാജ് ഗെയ്‌ക്‌വാദാണ്. തുടർച്ചയായ മികച്ച പ്രകടനങ്ങളിലൂടെ ടീമിനെ പിടിച്ചുയർത്തിയ ഗെയ്‌ക്ക്‌വാദ് പക്ഷേ ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിൽ താരമായത് ഇന്ത്യയുടെ സൂപ്പർ പേസർ ജസ്‌പ്രീത് ബു‌മ്രയെ അവസാന ഓവറിൽ തകർത്തടിച്ചുകൊണ്ടായിരുന്നു.
 
ഡെത്ത് ഓവറുകളിൽ എറിയാൻ വിദഗ്‌ധനായ ബുമ്രയ്ക്കെതിരെ വളരെ അനായാസകരമായായിരുന്നു ഗെയ്‌ക്ക്‌വാദിന്റെ ബാറ്റിങ്. മത്സരത്തിൽ ഗെയ്‌ക്ക്വാദിന്റെ  ഇന്നിംഗ്‌സില്‍ പാറിപ്പറന്ന നാല് സിക്‌സില്‍ രണ്ടെണ്ണം ബുമ്രക്കെതിരെയായിരുന്നു. ചെന്നൈ ഇന്നിംഗ്‌സിലെ 17, 20 ഓവറുകളിലായിരുന്നു ഈ സിക്‌സറുകള്‍. ഓഫ് സ്റ്റംപിന് പുറത്ത് ബുമ്ര തന്ത്രപൂര്‍വമെറിഞ്ഞ സ്ലോ ബോള്‍ കവറിന് മുകളിലൂടെ പറത്തിയായിരുന്നു ആദ്യ സിക്‌സര്‍.എന്നാൽ രണ്ടാം സിക്‌സറാകട്ടെ ക്രിക്കറ്റ് പ്രേമികളെ അത്ഭുതപ്പെടുത്തുന്നതും.
 

Rituraj X Mr 360° #IPL2O21 #CSKvsMI pic.twitter.com/37SxJPe93V

— Ashok Muwal

ഇന്നിങ്സിന്റെ അവസാനപന്തിൽ ബു‌മ്ര എറിഞ്ഞൊരു ഫുൾ ലെങ്‌ത് പന്തിനെ ഡീപ് സ്ക്വയറിലേക്ക് സ്വീപ് ചെയ്‌തുകൊണ്ടായിരുന്നു ഗെയ്‌ക്ക്‌വാദിന്റെ ഡിവില്ലിയേഴ്‌സിനെ ഓർമിപ്പിക്കുന്ന ഷോട്ട്. ബു‌മ്രയ്ക്കെതിരായ രണ്ട് ഷോട്ടുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
 
മുംബൈ ഇന്ത്യൻസിനെതിരെ ഒരു ഘട്ടത്തിൽ 24ന് 4 എന്ന നിലയിൽ നിന്നുമാണ് റിതുരാജിന്റെ ബാറ്റിങ് കരുത്തിൽ ചെന്നൈ മത്സരത്തിൽ തിരികെയെത്തിയത്.ചെന്നൈയുടെ 156 റൺസ് പിന്തുടർന്ന മുംബൈയ്‌ക്ക് 136 റൺസിൽ എത്താനേ കഴിഞ്ഞുള്ളൂ. മത്സരത്തിൽ ഓപ്പണറായി ഇറങ്ങി  58 പന്തില്‍ പുറത്താകാതെ 88 റണ്‍സ് നേടിയ ഗെയ്‌ക്‌വാദാണ് മത്സരത്തിലെ താരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍