ഐപിഎല്ലിൽ ഇന്ന് കരുത്തരായ രാജസ്ഥാൻ റിഷഭ് പന്ത് നയിക്കുന്ന ഡൽഹി ക്യാപ്പിറ്റൽസിനെ നേരിടും. 6 കളിയിൽ 4 ജയവുമായി എത്തുന്ന രാജസ്ഥാനെ തടയുക ഡൽഹിക്ക് എളുപ്പമാവില്ല. മുൻനിരയ്ക്കൊപ്പം ശക്തമായ ബൗളിങ് നിരയാണ് ഇത്തവണ രാജസ്ഥാനെ അപകടകാരിയാക്കുന്നത്.
സീസണിൽ മികച്ച ബാറ്റിങ് ഫോം തുടരുന്ന ജോസ് ബട്ട്‌ലറിലാണ് രാജസ്ഥാന്റെ പ്രതീക്ഷ. ഇനിയും ഫോമിലേക്കുയരാൻ സാധിച്ചില്ലെങ്കിലും ദേവ്‌ദത്ത് അടങ്ങുന്ന രാജസ്ഥാൻ മുൻനിര ശക്തമാണ്. അവസാന ഓവറുകളിൽ ആഞ്ഞടിക്കുന്ന ഹെറ്റ്‌മെയറും സഞ്ജുവും ചേരുന്നതോടെ തങ്ങളുടെ ദിനത്തിൽ ഏത് കൂറ്റൻ സ്കോറും കീഴടക്കാൻ രാജസ്ഥാനാകും. ബൗളിങിൽ അശ്വിനും ചഹലും അണിനിരക്കുന്ന സ്പിൻ ഡിപ്പാർട്ട്മെന്റാണ് രാജസ്ഥാന്റെ കരുത്ത്. ട്രെന്റ് ബൗൾട്ടിനൊപ്പം പ്രസിദ്ധ് കൃഷ്‌ണ കൂടി ചേരുമ്പോൾ സന്തുലിതമാണ് രാജസ്ഥാൻ നിര.
അതേസമയം ഡേവിഡ് വാര്‍ണര്‍ പൃഥ്വി ഷോ ഓപ്പണിങ് സഖ്യത്തിന്റെ പ്രകടനമാവും ഡൽഹിയുടെ ജാതകം എഴുതുക. കളിയിലായി 27 ഓവറില്‍ 293 റൺസാണ് ഈ സഖ്യം നേടിയത്.ബൗളിങിൽ കുൽദീപ് യാദവിന്റെ മികച്ച ഫോം ബലം നൽകുന്നുവെങ്കിലും പേസ് നിര ഇതുവരെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തത് ഡൽഹിക്ക് തിരിച്ചടിയാണ്.
ഇന്നത്തെ മത്സരത്തിൽ വിജയിക്കാനായാൽ ഗുജറാത്തിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്താന്‍ രാജസ്ഥാനായേക്കും. ഡൽഹിക്ക് ആണ് ജയമെങ്കില്‍ ഡൽഹി മൂന്നാം സ്ഥാനെത്തെത്തും.