ടി 20 നായകസ്ഥാനത്ത് രോഹിത് ഉണ്ടാകുക ചുരുങ്ങിയ കാലത്തേക്ക്; കാരണം ഇതാണ്

ബുധന്‍, 10 നവം‌ബര്‍ 2021 (16:02 IST)
വിരാട് കോലിക്ക് ശേഷം രോഹിത് ശര്‍മ ഇന്ത്യയുടെ ടി 20 നായകസ്ഥാനം ഏറ്റെടുത്തിരിക്കുകയാണ്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഉപനായകനായിരുന്നു രോഹിത്. ഏകദിനത്തില്‍ കോലി നായകസ്ഥാനം ഒഴിയാത്തതിനാല്‍ രോഹിത് ഉപനായകനായി തുടരും. എന്നാല്‍, ടി 20 നായകസ്ഥാനത്ത് രോഹിത് ശര്‍മ ചുരുങ്ങിയ കാലത്തേക്ക് മാത്രമേ ഉണ്ടാകൂ. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി 20 ലോകകപ്പിന് ശേഷം രോഹിത് കുട്ടി ക്രിക്കറ്റിന്റെ നായകസ്ഥാനം ഒഴിയാന്‍ നിര്‍ബന്ധിതനാകും. അതായത് കേവലം ഒരു വര്‍ഷത്തേക്ക് മാത്രമായാണ് രോഹിത് ടി 20 നായകസ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. അതിനുള്ള കാരണങ്ങള്‍ എന്താണെന്ന് നോക്കാം. 
 
രോഹിത്തിന്റെ പ്രായം തന്നെയാണ്  ആദ്യ കാരണം. ഇപ്പോള്‍ രോഹിത്തിന് 34 വയസ് കഴിഞ്ഞു. അടുത്ത ടി 20 ലോകകപ്പ് ആകുമ്പോഴേക്കും പ്രായം 35 പിന്നിടും. ടി 20 ക്രിക്കറ്റില്‍ 35 കഴിഞ്ഞ താരം നായകസ്ഥാനത്ത് തുടരുന്നത് ടീമിന്റെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ബിസിസിഐ കരുതുന്നത്. അതുകൊണ്ട് തന്നെ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി 20 ലോകകപ്പിന് ശേഷം രോഹിത് നായകസ്ഥാനത്ത് ഉണ്ടാകില്ല. 
 
മാത്രമല്ല, അടുത്ത ടി 20 ലോകകപ്പിനു ശേഷം രോഹിത് ടി 20 ക്രിക്കറ്റില്‍ നിന്ന് തന്നെ വിരമിക്കാനും സാധ്യതയുണ്ട്. 2023 ഏകദിന ലോകകപ്പിനായി വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ പ്രത്യേകം സജ്ജമാകേണ്ടതുണ്ട്. ഏകദിന ലോകകപ്പിനായി കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ കോലിക്കും രോഹിത്തിനും ടി 20 ക്രിക്കറ്റില്‍ നിന്ന് ബിസിസിഐ വിശ്രമം അനുവദിക്കും. 
 
രാഹുല്‍ ദ്രാവിഡിന്റെ പരിശീലക കാലാവധി കഴിയുമ്പോഴേക്കും 2027 ഏകദിന ലോകകപ്പിനായി യുവ ടീമിനെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യമാണ് ബിസിസിഐയ്ക്കുള്ളത്. കൂടുതല്‍ യുവ താരങ്ങള്‍ക്ക് അവസരം കൊടുക്കുന്നതിന്റെ ഭാഗമായി കോലി, രോഹിത്, ജഡേജ അടക്കമുള്ള സീനിയര്‍ താരങ്ങള്‍ പുറത്തിരിക്കേണ്ടിവരും. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍