ഏകദിന ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യയുടെ യുവതാരങ്ങളും സീനിയര്‍ താരങ്ങളും ഒരു പോലെ ഫോമിലേക്കെത്തിയത് ഏതൊരു ഇന്ത്യന്‍ ആരാധകന്റെയും മനസ്സ് കുളിര്‍പ്പിക്കുന്നത്. ഇത്തവണത്തെ ഏകദിന ലോകകപ്പില്‍ ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാണുന്ന ഒരു താരം ഓപ്പണിംഗ് താരമായ ശുഭ്മാന്‍ ഗില്ലിനെയാണ്. രോഹിത് ശര്‍മ, വിരാട് കോലി എന്നീ സീനിയര്‍ താരങ്ങളും ലോകകപ്പില്‍ തകര്‍ക്കുമെന്ന് ആരാധകര്‍ പറയുന്നു.
അതേസമയം പല മുന്‍ താരങ്ങളും ലോകകപ്പില്‍ രോഹിത് ശര്‍മ 2019 ലോകകപ്പിന് സമാനമായ പ്രകടനം കാഴ്ചവെയ്ക്കുമെന്ന് പ്രതീക്ഷ പങ്കുവെയ്ക്കുന്നുണ്ട്. 2019ലെ ഏകദിന ലോകകപ്പില്‍ 9 മത്സരങ്ങളില്‍ നിന്നും 81 റണ്‍സ് ശരാശരിയില്‍ 648 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് വെറും 25 റണ്‍സ് വ്യത്യാസത്തിലാണ് രോഹിത്തിന് അന്ന് നഷ്ടമായത്.
2003ലെ ഏകദിന ലോകകപ്പില്‍ സച്ചിന്‍ 673 റണ്‍സ് സ്വന്തമാക്കാനായി എടുത്തത് 11 ഇന്നിങ്ങ്‌സുകളായിരുന്നെങ്കില്‍ വെറും 9 ഇന്നിങ്ങ്‌സില്‍ നിന്നായിരുന്നു രോഹിത്തിന്റെ പ്രകടനം. ഒരു സെഞ്ചുറിയും 6 അര്‍ധസെഞ്ചുറികളും സഹിതമായിരുന്നു സച്ചിന്റെ നേട്ടം. അതേസമയം രോഹിത്താകട്ടെ 2019ലെ ഏകദിന ലോകകപ്പില്‍ മാത്രമായി 5 സെഞ്ചുറികളാണ് അടിച്ചുകൂട്ടിയത്. ഒരു ലോകകപ്പില്‍ ഇത്രയും സെഞ്ചുറികള്‍ നേടാന്‍ മറ്റൊരു ഇന്ത്യന്‍ താരത്തിനുമായിട്ടില്ല.
ലോകകപ്പില്‍ ഓപ്പണറായാകും ഇറങ്ങുക എന്നത് രോഹിത് ശര്‍മയുടെ സാധ്യതകളെ വര്‍ധിപ്പിക്കുണ്ട്. എന്നാല്‍ അതേസമയം കൂടുതല്‍ ആക്രമണോത്സുകമായ രീതിയിലാണ് രോഹിത് ഇപ്പോള്‍ ബാറ്റ് വീശുന്നത്. സ്‌െ്രെടക്ക് റേറ്റ് മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും രോഹിത്തില്‍ നിന്നും വലിയ ഇന്നിങ്ങ്‌സുകള്‍ വരുന്നത് ഇപ്പോള്‍ ചുരുക്കമാണ്. ഈയൊരു പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കുമെങ്കില്‍ 2019ല്‍ സാധിക്കാതെ പോയ റെക്കോര്‍ഡ് നേട്ടം ഇത്തവണ മറികടക്കാന്‍ രോഹിത്തിന് സാധിക്കും.