ഇനിയും ഏറെ വരാനിരിയ്ക്കന്നു, ആരാധകരെ ആവേശത്തിലാക്കി രോഹിത് ശർമ്മ

Webdunia
തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (12:39 IST)
ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടുകയെന്നാൽ അസാധ്യം എന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത് എന്നാൽ അത് സാധ്യമെന്ന് ആദ്യം തെളീയിച്ചത് സച്ചിൻ ടെൻഡുൽക്കർ ആയിരുന്നു. പിന്നീട് നിരവധി പേർ ആ നേട്ടം കൈവരിച്ചു, പക്ഷേ അതിൽ ആധിപത്യം സ്ഥാപിച്ചതാകട്ടെ ഇന്ത്യയുടെ ഹിറ്റ്മാൻ രോഹിത് ശർമ്മയും. ഏകദിനത്തിൽ മൂന്ന് ഡബിൾ സെഞ്ച്വറികൾ അടിച്ചുകൂട്ടി രോഹിത് റെക്കോർഡിട്ടു. 2017 ഡിസംബര്‍ 13ന് മൊഹാലി സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ പുറത്താവാതെ 208 റണ്‍സ് നേടിയാണ് രോഹിത് മൂന്നാം ഡബിൾ സെഞ്ച്വറി തികച്ചത്. 
 
ഇപ്പോഴിതാ മൂന്നാം ഇരട്ട സെഞ്ച്വറി നേടിയതിന്റെ വാർഷികത്തിൽ ആരാധകരെ ആവേഷം കൊള്ളിയ്ക്കുന്ന പ്രതികരണവുമായി എത്തിയിരിയ്ക്കുകയാണ് രോഹിത് ശർമ്മ. 'ഇനിയുമേറെ വരാനിരിക്കുന്നു' എന്നായിരുന്നു മൂന്നാം ഏകദിന ഡബിൾ സെഞ്ചറിയെക്കുറിച്ചുള്ള സ്റ്റാർ സ്പോർട്ട്സിന്റെ ട്വീറ്റിന് താഴെ രോഹിത് ശർമ്മയുടെ പ്രതികരണം. 2013ല്‍ ബെംഗളൂരുവില്‍ വെച്ച്‌ ഓസ്‌ട്രേലിയക്കെതിരെ ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിനിടെയാണ് രോഹിത് ശര്‍മ്മ ആദ്യ ഡബിള്‍ സെഞ്ചുറി നേടിയത്. 158 പന്തില്‍ 209 റണ്‍സ് നേടിയാണ് രോഹിത് ശര്‍മ്മ ഡബിള്‍ സെഞ്ചുറി സ്വന്തമാക്കിയത്. 12 ബൗണ്ടറികളും 16 സിക്സുകളും അടങ്ങിയ മനോഹര ഇന്നിങ്സ് ആയിരുന്നു അത്. 
 
തൊട്ടടുത്ത വര്‍ഷം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ശ്രീലങ്കയ്‌ക്കെതിരെ രോഹിത് വീണ്ടും ഇരട്ട സെഞ്ച്വറി നേടി ലോക റെക്കോർഡിട്ടു. 173 പന്തില്‍ 33 ബൗണ്ടറികളും 9 സിക്‌സറുമടക്കം 264 റൺസ് എന്ന കൂറ്റൻ സ്കോറാണ് രോഹിത് നേടിയത്. ഏകദിനത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന ഈ റെക്കോർഡ് മറികടക്കാൻ ഇപ്പോഴും ആർക്കുമായിട്ടില്ല. പിന്നീട് 2017ൽ ശ്രീലങ്കയ്ക്ക് എതിരെ തന്നെ മുന്നാം ഇരട്ട സെഞ്ചറിയും. ചണ്ഡീഗഡിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ ടീമിനെ നയിച്ച രോഹിത് 153 പന്തില്‍നിന്നും 13 ബൗണ്ടറികളും 12 സിക്‌സറുകളുമടക്കം 208 റൺസ് നേടി ഏറ്റവുമധികം ഇരട്ട സെഞ്ചറികൾ എന്ന റെക്കോർഡും സ്വന്തം പേരിലാക്കി.   

അനുബന്ധ വാര്‍ത്തകള്‍

Next Article