സിക്‌സറിലും തലൈവർ ഡാ, ഹിറ്റ്‌മാന് അപൂർവ നേട്ടം

അഭിറാം മനോഹർ

വ്യാഴം, 12 ഡിസം‌ബര്‍ 2019 (10:52 IST)
ഏകദിനത്തിൽ സെഞ്ചുറി നേടിയാൽ ആരാധകർ ഇരട്ട സെഞ്ചുറിയിലേക്കാണ് അവന്റെ പോക്ക് എന്ന് കരുതി കളികാണുന്നത് ഒരേ ഒരു താരം കളിക്കളത്തിൽ നിൽക്കുമ്പോളാണ്. ടി20 ആണെങ്കിൽ 50 കഴിഞ്ഞാൽ ആ താരത്തിൽ നിന്നും ആരാധകർ സെഞ്ചുറിയിൽ കുറഞ്ഞ യാതൊന്നും പ്രതീക്ഷിക്കുന്നില്ല. ഇന്നലെ നടന്ന മത്സരത്തിൽ 34 പന്തിൽ 71 റൺസ് നേടി ഹിറ്റ്മാൻ പുറത്തായപ്പോളും ആരാധകർ നിരാശരായതിന്റെ കാരണം മറ്റൊന്നല്ല.
 
ടി20യിൽ സമീപകാലത്തെ മോശം പ്രകടനങ്ങൾ എല്ലാം മായ്ച്ചുകളഞ്ഞ് രോഹിത് ഇന്നലെ കളം നിറഞ്ഞപ്പോൾ ആരാധകരുടെ സ്വന്തം ഹിറ്റ്മാന് സ്വന്തമായത് ഒരു അപൂർവ നേട്ടം കൂടിയാണ്. ഇന്നലത്തെ പ്രകടനത്തോട് കൂടി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി 400 സിക്സറുകൾ പിന്നിടുന്ന ആദ്യ താരമെന്ന റെക്കോഡാണ് രോഹിത് തന്റെ പേരിൽ കുറിച്ചത്. കളിയിലെ മൂന്നാം ഓവറിൽ വിൻഡീസ് പേസർ ഷെൽഡൺ കോട്രലിനെതിരെ ഡീപ്പ് മിഡ് വിക്കറ്റിലേക്ക് തകർപ്പൻ സിക്സർ പായിച്ചതോടെയാണ് രോഹിത് 400 സിക്സറുകൾ എന്ന നേട്ടം സ്വന്തമാക്കിയത്.
 
ലോകക്രിക്കറ്റിൽ രോഹിത്തിനെ കൂടാതെ രണ്ട് താരങ്ങൾ മാത്രമാണ് 400ന് മുകളിൽ സിക്സറുകൾ നേടിയിട്ടുള്ളത്. 476 സിക്സറുകളുമായി പാകിസ്താൻ താരമായ ഷാഹിദ് അഫ്രിദിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 534 സിക്സറുകൾ നേടി വിൻഡീസ് ഇതിഹാസമായ ക്രിസ് ഗെയ്‌ൽ ആണ് പട്ടികയിൽ അമരത്തുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍