Rohit Kohli:കോലിയെ പുറത്താക്കണമെന്ന് സെലക്ഷൻ കമ്മിറ്റി, ഒരിഞ്ച് മാറാതെ കോലിയ്ക്കായി വാശിപ്പിടിച്ചത് രോഹിത്

അഭിറാം മനോഹർ
ചൊവ്വ, 9 ജനുവരി 2024 (16:32 IST)
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കായി ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ഏറ്റവും സര്‍പ്രൈസായത് ടി20 ഫോര്‍മാറ്റില്‍ നായകന്‍ രോഹിത് ശര്‍മയുടെയും ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയുടെയും അപ്രതീക്ഷിതമായ മടങ്ങിവരവായിരുന്നു. ടി20 ലോകകപ്പിലേറ്റ പരാജയത്തിന് ശേഷം ഇരുതാരങ്ങളും പിന്നീട് ടി20 ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. വരാനിരിക്കുന്ന ടി20 ലോകകപ്പില്ല് ഇരുതാരങ്ങളും കളിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
 
ഏകദിന ലോകകപ്പിലെ സ്‌ഫോടനാത്മകമായ തുടക്കങ്ങളുടെ പശ്ചാത്തലത്തില്‍ രോഹിത്തിനെ ടി20 ടീമിലേയ്ക്ക് എടുക്കാന്‍ സെലക്ടര്‍മാര്‍ക്ക് താത്പര്യം ഉണ്ടായിരുന്നെങ്കിലും ടി20 ക്രിക്കറ്റില്‍ കോലിയ്ക്ക് അവസരം നല്‍കേണ്ടതില്ലെന്ന നിലപാടാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് ഉണ്ടായിരുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ടീം നായകനായ രോഹിത് ശര്‍മ കോലിയെ കിട്ടണമെന്ന് വാശിപിടിക്കുകയായിരുന്നു. ഇതോടെയാണ് അഫ്ഗാനിസ്ഥാന്‍ പരമ്പരയ്ക്കുള്ള ടീമില്‍ കോലിയും ഇടം നേടിയത്.
 
ഇതാദ്യമായല്ല കോലിക്ക് വേണ്ടി സെലക്ഷന്‍ കമ്മിറ്റിയോട് രോഹിത് പോരടിക്കുന്നത്. ഓസ്‌ട്രേലിയയില്‍ നടന്ന കഴിഞ്ഞ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും കോലിയെ എടുക്കുവാന്‍ സെലക്ടര്‍മാരില്‍ പലരും താത്പര്യം കാണിച്ചിരുന്നില്ല. ആ സമയം മോശം ഫോമിനെ തുടര്‍ന്ന് കോലി കഷ്ടപ്പെടുന്ന കാലമായിരുന്നു. എന്നാലും ലോകകപ്പ് പോലൊരു വേദിയില്‍ കോലിയുടെ സാന്നിധ്യം ടീമിന് ഗുണം ചെയ്യുമെന്ന് സെലക്ഷന്‍ കമ്മിറ്റിയെ ബോധ്യപ്പെടുത്തിയത് രോഹിത്തായിരുന്നു. ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേയ്‌ക്കെത്തിച്ച് കോലി സ്വയം തെളിയിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വരാനിരിക്കുന്ന ടി20 ലോകകപ്പിനായും ഇത്തരത്തിലുള്ള ഒരു പിന്തുണയാണ് ഹിറ്റ്മാന്‍ കോലിയ്ക്ക് നല്‍കിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article