Sanju Samson: അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പരയ്ക്കു വ്യാഴാഴ്ച തുടക്കമാകും. മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. ഒരു വര്‍ഷത്തിനു ശേഷം രോഹിത് ശര്‍മയും വിരാട് കോലിയും ട്വന്റി 20 ഫോര്‍മാറ്റിലേക്ക് തിരിച്ചെത്തി എന്നതിനൊപ്പം മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം പിടിച്ചതും ക്രിക്കറ്റ് ആരാധകര്‍ക്ക് വലിയ സന്തോഷം നല്‍കുന്നു. എന്നാല്‍ സഞ്ജു പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമോ? അതിനുള്ള സാധ്യത വളരെ കുറവാണ് !
സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ എന്നിവരാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി ടീമില്‍ ഉള്ളത്. ഇതില്‍ ജിതേഷ് ശര്‍മയെയാണ് പ്രധാന വിക്കറ്റ് കീപ്പറായി ഇന്ത്യ പരിഗണിക്കുന്നത്. ടി 20 ഫിനിഷര്‍ എന്ന നിലയിലും ലോവര്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ എന്ന നിലയിലും കളിക്കാന്‍ ജിതേഷിനു സാധിക്കും. മറുവശത്ത് സഞ്ജു ടോപ് ഓര്‍ഡര്‍ ബാറ്ററാണ്. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, തിലക് വര്‍മ, യഷസ്വി ജയ്‌സ്വാള്‍ എന്നീ താരങ്ങള്‍ നില്‍ക്കെ സഞ്ജുവിന് ടോപ് ഓര്‍ഡറില്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. ഇക്കാരണത്താല്‍ ഫിനിഷര്‍ എന്ന റോളില്‍ ജിതേഷിനെ നിയോഗിക്കുകയും സഞ്ജു പുറത്തിരിക്കേണ്ടി വരികയും ചെയ്യും.
ആദ്യ രണ്ട് മത്സരങ്ങള്‍ ഇന്ത്യ ജയിച്ചു പരമ്പര നേടിയാല്‍ അവസാന മത്സരത്തില്‍ സഞ്ജുവിന് സാധ്യത തെളിയും. അങ്ങനെ വന്നാല്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ അവസാന മത്സരത്തില്‍ കളിക്കില്ല. പകരം സഞ്ജുവിന് ടോപ് ഓര്‍ഡറില്‍ സ്ഥാനം ലഭിക്കും. തിലക് വര്‍മ ബാറ്റിങ്ങില്‍ പരാജയപ്പെടുകയാണ് സഞ്ജുവിന്റെ മുന്നിലുള്ള മറ്റൊരു അവസരം.
ആദ്യ ടി20 ക്കുള്ള സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, തിലക് വര്‍മ, ജിതേഷ് ശര്‍മ, റിങ്കു സിങ്, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍