ഒരു അവസരം കൂടി നല്‍കും, ഇല്ലെങ്കില്‍ പുറത്ത്; കെ.എല്‍.രാഹുലിന് പകരം പന്തിനെ ഓപ്പണറായി പരീക്ഷിക്കാന്‍ സെലക്ടര്‍മാര്‍, ഇനിയുള്ള കളികള്‍ നിര്‍ണായകം
ട്വന്റി 20 ഫോര്‍മാറ്റില്‍ മെല്ലപ്പോക്കിന്റെ പേരില്‍ പഴി കേള്‍ക്കുന്ന ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍.രാഹുലിന്റെ ഭാവി തുലാസില്‍. ഏഷ്യാ കപ്പിലെ ആദ്യ രണ്ട് കളികളിലും രാഹുല്‍ നിരാശപ്പെടുത്തി. പാക്കിസ്ഥാനെതിരായ കളിയില്‍ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ ഹോങ് കോങ്ങിനെതിരായ മത്സരത്തില്‍ 39 പന്തുകള്‍ നേരിട്ടാണ് രാഹുല്‍ 36 റണ്‍സ് നേടിയത്. ട്വന്റി 20 ഫോര്‍മാറ്റിന് അനുസരിച്ചല്ല രാഹുല്‍ ബാറ്റ് ചെയ്യുന്നതെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പ്രധാന വിമര്‍ശനം. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് അടക്കം രാഹുലിന്റെ മനോഭാവത്തില്‍ കടുത്ത അതൃപ്തിയുണ്ട്.
ഏഷ്യാ കപ്പില്‍ ഒന്നോ രണ്ടോ കളികളില്‍ കൂടി മാത്രമേ രാഹുലിനെ പരീക്ഷിക്കൂ എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രാഹുലിന് ഒന്ന് രണ്ട് അവസരങ്ങള്‍ കൂടി കൊടുക്കാം. സ്‌ട്രൈക്ക് റേറ്റ് താഴാതെ സ്‌കോര്‍ കണ്ടെത്താനായാല്‍ രാഹുല്‍ ഓപ്പണറായി തുടരട്ടെ. അല്ലെങ്കില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായി റിഷഭ് പന്തിനെ പരീക്ഷിക്കണമെന്നാണ് സെലക്ടര്‍മാരുടെ നിലപാട്. മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും നായകന്‍ രോഹിത് ശര്‍മയും ഇതേ നിലപാടിലാണ്. രാഹുലിന്റെ മെല്ലപ്പോക്ക് ടീമിനെ മുഴുവനായും സമ്മര്‍ദ്ദത്തിലാക്കുമെന്നാണ് രോഹിത് പറയുന്നത്. ബാറ്റിങ് രീതി മാറ്റാന്‍ രാഹുല്‍ തയ്യാറാകണനെന്ന് ഹോങ് കോങ്ങിനെതിരായ മത്സരശേഷം രോഹിത് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏഷ്യാ കപ്പില്‍ അടുത്ത ഒന്നോ രണ്ടോ മത്സരങ്ങളില്‍ കൂടിയേ രാഹുലിന് ഓപ്പണര്‍ സ്ഥാനം ലഭിക്കൂ. അതില്‍ കൂടി ശോഭിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പന്തിനെ ഓപ്പണറാക്കുമെന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.