'ഈ കളി കൊണ്ട് കാര്യമില്ല, ട്രാക്ക് മാറ്റണം'; രാഹുലിന്റെ 'മെല്ലപ്പോക്കില്‍' രോഹിത്തിന് അതൃപ്തി, മുന്നറിയിപ്പുമായി ഇന്ത്യന്‍ നായകന്‍
ഹോങ് കോങ്ങിനെതിരായ മത്സരത്തിലെ മെല്ലപ്പോക്ക് ഇന്നിങ്‌സില്‍ കെ.എല്‍.രാഹുലിന് വിമര്‍ശനം. മത്സരശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ രാഹുലിനെ അതൃപ്തി അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ട്വന്റി 20 ഫോര്‍മാറ്റില്‍ ഇങ്ങനെയുള്ള ഇന്നിങ്‌സ് കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും ഇല്ലെന്നും ട്രാക്ക് മാറ്റിയില്ലെങ്കില്‍ അത് കരിയറിനെ തന്നെ ബാധിക്കുമെന്നും രോഹിത് രാഹുലിന് മുന്നറിയിപ്പ് നല്‍കി.
ഹോങ് കോങ്ങിനെതിരായ മത്സരത്തില്‍ 39 പന്തില്‍ നിന്നാണ് രാഹുല്‍ 36 റണ്‍സ് നേടിയത്. രാഹുല്‍ ക്രീസില്‍ ഉള്ളപ്പോള്‍ ഇന്ത്യയുടെ റണ്‍റേറ്റ് വളരെ കുറവായിരുന്നു. രാഹുലിന് പവര്‍പ്ലേയില്‍ റണ്‍സെടുക്കാനും സാധിച്ചിരുന്നില്ല. ട്വന്റി 20 യില്‍ പവര്‍പ്ലേയില്‍ സ്‌കോര്‍ ചെയ്യുന്ന റണ്‍സിന് വലിയ മൂല്യമുണ്ട്. ഏറ്റവും കുറഞ്ഞ പന്തില്‍ മാക്‌സിമം റണ്‍സ് സ്‌കോര്‍ ചെയ്യുന്ന രീതിയിലേക്ക് ബാറ്റിങ് രീതി മാറ്റണമെന്ന് രോഹിത് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങി വമ്പന്‍ ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ ബോളിനൊപ്പം റണ്‍സ് പോകുന്ന രീതി ഗുണത്തേക്കാള്‍ ഉപരി ദോഷം ചെയ്യുമെന്നാണ് രോഹിത്തിന്റെ അഭിപ്രായം. രാഹുല്‍ ബാറ്റിങ് രീതി മാറ്റിയില്ലെങ്കില്‍ അത് രാഹുലിന് പിന്നാലെ വരുന്ന ബാറ്റര്‍മാരെ കൂടി സമ്മര്‍ദ്ദത്തിലാക്കുകയാണെന്നും രോഹിത് ശര്‍മ പറയുന്നു.