റിഷഭ് പന്ത് ഉറപ്പായും കളിക്കില്ല, ശ്രേയസിന്റെ കാര്യം അനിശ്ചിതത്വത്തില്‍; ഏകദിന ലോകകപ്പില്‍ ഇന്ത്യ വിയര്‍ക്കും ! പകരം ആര്?

ശനി, 1 ജൂലൈ 2023 (11:38 IST)
ഒക്ടോബറില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ രണ്ട് പ്രമുഖ താരങ്ങള്‍ കളിക്കാന്‍ സാധ്യത കുറവെന്ന് ബിസിസിഐ വൃത്തങ്ങള്‍. പരുക്കിന്റെ പിടിയില്‍ നിന്ന് പൂര്‍ണമായി മുക്തരാകാത്ത റിഷഭ് പന്തും ശ്രേയസ് അയ്യരും ലോകകപ്പ് ടീമില്‍ ഉണ്ടാകില്ല. ഇതില്‍ റിഷഭ് പന്തിന്റെ മടങ്ങിവരവ് ഉറപ്പായും വൈകുമെന്നും ശ്രേയസ് അയ്യരുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണെന്നും ബിസിസിഐയുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ശ്രേയസ് ഇപ്പോള്‍ ഉള്ളത്. പുറം ഭാഗത്ത് താരത്തിന് ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. ഫിസിയോ തെറാപ്പി ചികിത്സയിലൂടെയാണ് ശ്രേയസ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഫിസിയോ തെറാപ്പി ചികിത്സയ്ക്ക് ശേഷം മാത്രമേ ശ്രേയസിന്റെ കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ സാധിക്കൂ. ക്രിക്കറ്റ് പരിശീലനം ഉടന്‍ ആരംഭിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് താരം. ഏകദിന ലോകകപ്പ് ടീമില്‍ ശ്രേയസ് ഉണ്ടാകുമോ എന്ന് ഇപ്പോള്‍ ഉറപ്പ് പറയാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 
 
അതേസമയം, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഉടന്‍ ടീമിലേക്ക് എത്തില്ലെന്ന് ഉറപ്പായി കഴിഞ്ഞു. സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ റിഷഭ് പന്തിന് ഇനിയും മാസങ്ങള്‍ ആവശ്യമാണ്. വിചാരിച്ചതിലും വേഗം പന്ത് പരുക്കില്‍ നിന്ന് മുക്തി നേടുന്നെണ്ടെങ്കിലും ഏകദിന ലോകകപ്പ് ആകുമ്പോഴേക്കും കളിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ പ്രതീക്ഷയില്ല. 
 
റിഷഭ് പന്തിന് പകരക്കാരായി സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരെ പരിഗണിക്കാനാണ് ബിസിസിഐയുടെ തീരുമാനം. വെസ്റ്റ് ഇന്‍ഡീസ് പരമ്പര, ഏഷ്യാ കപ്പ് എന്നിവയിലെ ഇരുവരുടെയും പ്രകടനങ്ങള്‍ പരിഗണിച്ചായിരിക്കും ലോകകപ്പില്‍ അവസരം നല്‍കുക. ശ്രേയസിന് പകരക്കാരനായി ഏകദിനത്തില്‍ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരെ ആയിരിക്കും പരിഗണിക്കുക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍