അണുബാധയ്ക്ക് സാധ്യത; പന്തിനെ സന്ദര്‍ശിക്കാന്‍ ആരും ആശുപത്രിയിലേക്ക് വരരുത്

Webdunia
തിങ്കള്‍, 2 ജനുവരി 2023 (11:09 IST)
പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലാണ് താരം ഇപ്പോള്‍ ഉള്ളത്. പന്തിന്റെ അമ്മ സരോജ് പന്തും സഹോദരി സാക്ഷിയുമാണ് ആശുപത്രിയില്‍ ഉള്ളത്. ബോളിവുഡ് താരങ്ങളായ അനില്‍ കപൂര്‍, അനുപം ഖേര്‍ എന്നിവര്‍ ആശുപത്രിയിലെത്തി പന്തിനെ സന്ദര്‍ശിച്ചു. 
 
അതേസമയം, ആശുപത്രിയിലേക്ക് സന്ദര്‍ശകര്‍ വരുന്നതില്‍ ആശുപത്രി അധികൃതര്‍ക്കും പന്തിന്റെ കുടുംബാംഗങ്ങള്‍ക്കും അതൃപ്തിയുണ്ട്. മുറിവുകളില്‍ നിന്ന് പന്തിന് അണുബാധയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ പരമാവധി സന്ദര്‍ശകരെ അനുവദിക്കരുതെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. 
 
പന്ത് ഉടന്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയും ഐപിഎല്ലും പന്തിന് പൂര്‍ണമായും നഷ്ടമാകും. ഏകദേശം മൂന്ന് മാസത്തോളം പന്തിന് പൂര്‍ണ വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ലിഗ്മെന്റ് പരുക്കാണ് പന്തിന് കൂടുതല്‍ തിരിച്ചടിയായിരിക്കുന്നത്. ലിഗ്മെന്റ് സാധാരണ നിലയിലാകണമെങ്കില്‍ താരത്തിനു കൂടുതല്‍ വിശ്രമം വേണ്ടിവരും. 
 
അതേസമയം, വാഹനാപകടത്തില്‍ പരുക്കേറ്റ റിഷഭ് പന്ത് അപകടനില തരണം ചെയ്തു. ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്കുള്ള യാത്രാമധ്യേയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ കാറിനു തീപിടിച്ചത്. ഡല്‍ഹി-ഡെറാഡൂണ്‍ ഹൈവേയ്ക്ക് സമീപം റൂര്‍ക്കിയില്‍ നാര്‍സന്‍ ബൗണ്ടറിയില്‍ വെച്ചാണ് പന്ത് ഓടിച്ചിരുന്ന മെഴ്‌സിഡസ് ബെന്‍സ് അപകടത്തില്‍പ്പെടുന്നത്. 
 
കാറിനു തീപിടിക്കാന്‍ തുടങ്ങിയപ്പോള്‍ കാറിന്റെ ചില്ല് പൊട്ടിച്ച് റിഷഭ് പന്ത് പുറത്തേക്ക് ചാടാന്‍ ശ്രമിച്ചു. ഈ ശ്രമത്തിനിടയില്‍ താരത്തിന്റെ ദേഹത്ത് സാരമായ പരുക്കേറ്റിട്ടുണ്ട്. കാറില്‍ പന്ത് തനിച്ചായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കാറില്‍ നിന്ന് പുറത്തേക്ക് ചാടുന്നതിനിടെയിലാണ് പന്തിന്റെ തലയ്ക്കും പരുക്കേറ്റത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article