ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ‘തല’യാണ് മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. വിരാട് കോഹ്‌ലി ടീമിന്റെ മേല്‍നോട്ടം ഏറ്റെടുത്തുവെങ്കിലും ഗ്രൌണ്ടിലും ഡ്രസിംഗ് റൂമിലും തീരുമാനങ്ങള്‍ സ്വീകരിക്കുന്നത് ധോണിയാണ്. സഹതാരങ്ങള്‍ക്ക് അദ്ദേഹത്തോടുള്ള അടുപ്പവും സ്‌നേഹവും പലകുറി വ്യക്തമായിട്ടുണ്ട്.
ടീമില്‍ ധോണിക്കുള്ള സ്ഥാനവും കളി നിയന്ത്രിക്കാനുള്ള മികവും പല താരങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. കോഹ്‌ലി ക്യാപ്‌റ്റനാണെങ്കിലും ബോളിംഗ് മാറ്റങ്ങളടക്കമുള്ള കാര്യങ്ങളില്‍ ഇടപെടലുകള്‍ ‘മഹിഭായി’യില്‍ നിന്നാണ് ലഭിക്കുന്നതെന്ന് ചാഹല്‍ അടക്കമുള്ള താരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഈ സമാനമായ അഭിപ്രായവുമായി ഇന്ത്യന്‍ ടീമിന്റെ പുതിയ സെന്‍സേഷനായ ഋഷഭ് പന്തും രംഗത്തെത്തി. ധോണിയുടെ ഉപദേശങ്ങളാണ് തനിക്കെന്നും തുണയായതെന്നാണ് യുവതാരം പറഞ്ഞത്.
“ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ കാരണം ധോണിയാണ്. മാനസികമായ പിന്തുണ ആവശ്യമായി വരുമ്പോള്‍ മഹിഭായിയെ വിളിക്കുന്നത് എന്റെ ശീലമാണ്. കളിക്കളത്തിലും പുറത്തും എപ്പോഴും ക്ഷമ കൈവിടരുതെന്നാണ് ലഭിച്ച പ്രധാന ഉപദേശം. വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ തലയുടെയും കൈകളുടെയും ഏകോപനം സുപ്രധാനമാണ്”- എന്നും ധോണി പറഞ്ഞതായി പന്ത് വ്യക്തമാക്കുന്നു.
വിക്കറ്റ് കീപ്പറുടെ റോളില്‍ നില്‍ക്കുമ്പോള്‍ ശരീരത്തിന്റെ നിയന്ത്രണം രണ്ടാമതാണ്. എന്നാല്‍ ബാറ്റ് ചെയ്യുമ്പോള്‍ മത്സരത്തിന്റെ സാഹചര്യം തിരിച്ചറിഞ്ഞു വേണം കളിക്കാന്‍. അതിനനുസരിച്ച് കളിയുടെ ഗതിയും മാറ്റണമെന്നും ധോണി ഉപദേശിക്കാറുണ്ടെന്നും യുവതാരം കൂട്ടിച്ചേര്‍ത്തു.