ഇങ്ങനെ തുടര്‍ന്നാല്‍ ജഡേജയെ ഒഴിവാക്കേണ്ടി വരും: ധോണി

ശനി, 7 മാര്‍ച്ച് 2015 (11:05 IST)
കൂടുതല്‍ ഉത്തരവാദിത്വത്തോടെ മികച്ച രീതിയില്‍ കളിക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് പുറത്തിരിക്കേണ്ടി വരുമെന്ന് നായകന്‍ മഹേന്ദ്ര സിംഗ് ധോണി.  ഏഴാം നമ്പറില്‍ ഇറങ്ങുന്ന ബാറ്റ്‌സ്മാനില്‍ നിന്ന് ഇതില്‍ കൂടുതല്‍ ടീം ഏറെ പ്രതീക്ഷിക്കുന്നുണ്ടെന്നും ധോണി പറഞ്ഞു.

കളിക്കളത്തില്‍ പ്രതീക്ഷകള്‍ കൊണ്ട് മാത്രം കാര്യമില്ല. മികച്ച കളി പുറത്തെടുത്ത് ടീമിനെ ജയിപ്പിക്കുകയാണ് വേണ്ടത്. ജഡേജ ക്രീസിലെത്തിയാല്‍ അദ്ദേഹത്തിന്റെ ദൌര്‍ബല്ല്യമായ ഷോര്‍ട്ട് പിച്ച് പന്തുകള്‍ ബോളര്‍മാര്‍ ഉപയോഗിക്കും എന്നാല്‍ അത് തന്റേതായ രീതിയില്‍ മറികടക്കാനാണ് ജഡേജ ശ്രമിക്കേണ്ടതെന്നും ധോണി പറഞ്ഞു. ബാറ്റ്സ്മാന്‍മാരും ക്രീസിലെത്തിയാല്‍ ഓരോതരത്തില്‍ പരീക്ഷിക്കപ്പെടുമെന്ന് ഉറപ്പാണ്. ഏഴാം നമ്പറില്‍ ഇറങ്ങുന്ന ബാറ്റ്‌സ്മാനില്‍ നിന്ന് കൂടുതല്‍ ഉത്തരവാദിത്വം പ്രതീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

വലിയ ഷോട്ടുകള്‍ കളിക്കാന്‍ ജഡേജയ്ക്ക് കുറച്ചുകൂടി സ്വാതന്ത്ര്യവും സമയവും നല്‍കുന്നതടക്കമുള്ള സാധ്യതകളും വരും മത്സരങ്ങളില്‍ പരിശോധിക്കും.  ന്യൂസിലന്‍ഡില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്‌ചവെച്ചിട്ടുള്ള അദ്ദേഹത്തിന് ടീമിനെ ജയത്തില്‍ എത്തിക്കുന്ന നല്ല ടോട്ടലുകള്‍ നേടാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ധോണി പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക