അവനെ ബിസിസിഐയുടെ വാർഷിക കരാറിൽ ഉൾപ്പെടുത്തു: ഉ‌മ്രാൻ മാലിക്കിനെ പിന്തുണ‌ച്ച് രവിശാസ്‌ത്രി

ബുധന്‍, 18 മെയ് 2022 (20:12 IST)
ഐപിഎൽ പതിനഞ്ചാം സീസണിൽ മികച്ച പ്രകടനമാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് താരം ഉ‌മ്രാൻ മാലിക് പുറത്തെടുക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ മൂന്നോവർ എറിഞ്ഞ ഉ‌മ്രാൻ 23 റൺസ് വിട്ടുകൊടുത്ത് 3 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഐപിഎല്ലിൽ 13 കളികളിൽ 21 വിക്കറ്റുകളാണ് താരത്തിനുള്ളത്.
 
ഇപ്പോഴിതാ മുംബൈയ്ക്കെതിരായ പ്രകടനത്തിന് പിന്നാലെ ഉ‌‌മ്രാനെ ബിസിസിഐ വാർഷിക കരാറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകനായ രവി ശാസ്‌ത്രി. ഇനിയും അവനെ മാറ്റി നിർത്തരുത്.അദ്ദേഹത്തെ എത്രയും പെട്ടന്ന് ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തൂ. പരിചയസമ്പന്നരായ മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര എന്നിവര്‍ക്കൊപ്പം ഇടപഴകാനുള്ള അവസരം നല്‍കണം. അവരിൽ നിന്ന് ഉ‌മ്രാന് ഒരുപാട് പഠിക്കാനുണ്ട്.
 
പേസ് നിലനിര്‍ത്തികൊണ്ടുതന്നെ അവനോട് കൃത്യതയോടെ പന്തെറിയാന്‍ പറയണം. എവിടെ പന്തെറിയണമെന്നും ശരിയായ ലൈന്‍ ഏതാണെന്നും അവനെ പറഞ്ഞ് മനസിലാക്കണം. സ്റ്റമ്പിൽ മാത്രം എറിഞ്ഞ് ശീലിക്കണം. അതിന് ശേഷം മതി മറ്റെന്തും പഠിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ പലതും ചെയ്യാൻ അവന് കഴിയും. ബു‌മ്ര-ഷമി സഖ്യത്തിനൊപ്പം ഉ‌മ്രാൻ കൂടി ചേർന്നാൽ ഇന്ത്യൻ പേസ് അറ്റാക്കിനെ വെല്ലാൻ ആർക്കുമാവില്ലെന്നും ശാസ്‌ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍