മഹേന്ദ്രസിങ് ധോണിയോട് ദേഷ്യപ്പെട്ട സംഭവം ഓര്‍ത്തെടുത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തിനു തൊട്ടുമുന്‍പാണ് ധോണിയെ താന്‍ വഴക്ക് പറഞ്ഞതെന്നും അങ്ങനെയൊന്നും താന്‍ ആരോടും ദേഷ്യപ്പെട്ടിട്ടില്ലെന്നും രവി ശാസ്ത്രി പറഞ്ഞു. ധോണിക്കെതിരെ അന്നു അലറിയതു പോലെ ജീവിതത്തില്‍ മറ്റാര്‍ക്കെതിരേയും താന്‍ ചൂടായിട്ടില്ലെന്നും ശാസ്ത്രി പറഞ്ഞു.
ഏഷ്യാ കപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുന്ന ദിവസം മത്സരത്തിനു മുന്‍പ് ഇന്ത്യന്‍ താരങ്ങള്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ പരിശീലനത്തിലായിരുന്നു. ടോസിനു തൊട്ടുമുമ്പായിരുന്നു ഇത്. ഫുട്ബോള്‍ കളിക്കവെ ധോണി ഗ്രൗണ്ടിലൂടെ തെന്നിനീങ്ങുന്നതു കണ്ടതോടെ തന്റെ സകല നിയന്ത്രണങ്ങളും വിടുകയായിരുന്നുവെന്നു രവി ശാസ്ത്രി പറയുന്നു. ഫുട്ബോള്‍ കളിക്കവെ ധോണിക്കു പരിക്കേല്‍ക്കുകയാണെങ്കില്‍ അതു പാക്കിസ്ഥാനുമായുള്ള പ്രധാനപ്പെട്ട മല്‍സരത്തില്‍ ഇന്ത്യക്കു കനത്ത ആഘാതമായി മാറുമെന്നതിനാലാണ് താന്‍ അന്നു ചൂടായി സംസാരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്റെ ജീവിതത്തില്‍ ഞാന്‍ അന്നത്തേതു പോലെ ചൂടാകുകയും ആക്രോശിക്കുകയും ചെയ്തിട്ടില്ല. 'കളി നിര്‍ത്തൂ' എന്ന് അലറി വിളിച്ചു. കൃത്യമായി ഇതു തന്നെയാണോ പറഞ്ഞതെന്നു ഓര്‍മയില്ല. ഇങ്ങനെയെന്തോയാണ് അന്നു വിളിച്ചു പറഞ്ഞത്. പാക്കിസ്ഥാനെതിരായ നിര്‍ണായക മല്‍സരത്തിനു മുമ്പ് നിങ്ങള്‍ ടീമിന്റെ പ്രധാനപ്പെട്ട താരത്തെ നഷ്ടപ്പെടാന്‍ ആഗ്രഹിക്കില്ല. പക്ഷെ ധോണിയെക്കൊണ്ട് ഫുട്ബോള്‍ ഉപേക്ഷിപ്പിക്കുകയെന്നത് അസാധ്യമാണെന്നും രവി ശാസ്ത്രി പറഞ്ഞു.