മാറുന്ന കാലം,മാറുന്ന ക്രിക്കറ്റ്: തന്ത്രപരമായ റിട്ടയേർഡ് ഔട്ട്, ഐപിഎൽ ചരിത്രത്തിൽ തന്നെ ഇതാദ്യം

തിങ്കള്‍, 11 ഏപ്രില്‍ 2022 (13:09 IST)
ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരായ ആവേശകരമായ പോരാട്ടത്തിൽ അവസാന ഓവറിലായിരുന്നു രാജസ്ഥാൻ വിജയം നേടിയത്. യുവതാരമായ കുൽദീപ് സെൻ എറിഞ്ഞ അവസാന ഓവറിൽ ലഖ്‌നൗവിന് വിജയിക്കാനായി വേണ്ടിയിരുന്നത് 15 റൺസ്. വമ്പനടിക്കാരനായ മാർക്കസ് ഒരറ്റത്തുണ്ടായിട്ടും മത്സരം 3 റൺസിന് വിജയിക്കാൻ രാജസ്ഥാനായി.
 
എന്നാൽ അവസാന ഓവർ ത്രില്ലർ എന്ന നിലയിലാകില്ല മത്സരം ചരിത്രത്തിൽ രേഖപ്പെടുത്തുക. പകരം ഐപിഎൽ ചരിത്രത്തിലെ ആദ്യ തന്ത്രപരമായ റിട്ടയേർഡ് ഔട്ട് തീരുമാനം കൈകൊണ്ട മത്സരം എന്ന നിലയിലാകും. രവിചന്ദ്ര അശ്വിനാണ് ഇത്തരത്തിൽ ആദ്യമായി റിട്ടയേർഡ് ഔട്ടാവുന്ന ആദ്യ താരം.
 
മത്സരത്തിന്റെ ഒരു ഘട്ടത്തിൽ രാജസ്ഥാൻ നാല് വിക്കറ്റിന് 67 റൺസ് എന്ന നിലയിലായിരുന്നു. വമ്പനടിക്കാരനായ ഷിംറോൺ ഹെറ്റ്‌മെയർ ഒരറ്റത്തുള്ളപ്പോൾ ഒരു വിശത്ത് വിക്കറ്റ് വീഴാതെ നോക്കുക എന്നതായിരുന്നു അശ്വിനെ അഞ്ചാമനായി ഇറക്കിയതിലൂടെ രാജസ്ഥാൻ ലക്ഷ്യം വെച്ചത്. 23 പന്തിൽ നിന്നും 28 റൺസുമായി അശ്വിൻ ഒരറ്റം കാത്തപ്പോൾ തകർത്തടിച്ച് കൊണ്ട് ഹെറ്റ്‌മെയർ രാജസ്ഥാൻ സ്കോർ ഉയർത്തി.
 
ടീമിന് അവസാന ഓവറിൽ കൂടുതൽ റൺസുകൾ സ്കോർ ചെയ്യണമെന്ന ഘട്ടത്തിൽ 19-ാം ഓവറിലാണ് അശ്വിന്‍ റിട്ടയേര്‍ഡ് ഔട്ടായി മടങ്ങിയത്. പകരം വമ്പനടിക്കാരനായ റയാൻ പരാഗിനെ റോയൽസ് കളത്തിലിറക്കുകയും ചെയ്‌തു.ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടായിരുന്നു ഇത്തരത്തില്‍ ഒരു ബാറ്റ്‌സ്മാന്‍ റിട്ടയേര്‍ഡ് ഔട്ടായി മടങ്ങുന്നത്. അവസാന ഓവറിൽ ക്രീസിലെത്തിയ പരാഗ് 4 പന്തിൽ 8 റൺസ് സ്കോർ ചെയ്യുകയും ചെയ്‌തു. ഇതുവഴി നിർണായകമായ റൺസുകൾ കൈക്കലാക്കാനും രാജസ്ഥാനായി.
 
രാജസ്ഥാന്‍ റോയല്‍സിന്റെ തന്ത്രപരമായ ഈ നീക്കത്തെ പ്രശംസിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. മാറുന്ന കാലത്തിനനുസരിച്ച് തന്ത്രങ്ങൾ പരിഷ്‌കരിച്ചുകൊണ്ടുള്ള ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ക്രിക്കറ്റിനാണ് രാജസ്ഥാൻ തുടക്കമിട്ടതെന്നാണ് നീക്കത്തെ പിന്തുണയ്ക്കുന്നവർ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍