ഒരു ബ്രേക്ക് ആവശ്യമുണ്ടായിരുന്നു, നന്ദി, ടീമിൽ നിന്നും പുറത്താക്കിയതിൽ പ്രതികരണവുമായി പൃഥ്വി ഷാ

അഭിറാം മനോഹർ
ബുധന്‍, 23 ഒക്‌ടോബര്‍ 2024 (15:28 IST)
രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടതില്‍ പ്രതികരണവുമായി ഇന്ത്യന്‍ ഓപ്പണറായിരുന്ന യുവതാരം പൃഥ്ചി ഷാ. രഞ്ജി ട്രോഫി, ദുലീപ് ട്രോഫി അരങ്ങേറ്റങ്ങളില്‍ സെഞ്ചുറി കുറിച്ചുകൊണ്ട് ഇന്ത്യന്‍ ടീമിലും ഇടം നേടിയ പൃഥ്വിഷാ തുടര്‍ച്ചയായി മോശം പ്രകടനങ്ങള്‍ ആവര്‍ത്തിച്ചതോടെയാണ് ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായത്. ഇതിന് പിന്നാലെ ആഭ്യന്തരക്രിക്കറ്റിലും അച്ചടക്കമില്ലായ്മയും മോശം ഫോമും തുടര്‍ന്നതോടെയാണ് മുംബൈ രഞ്ജി ട്രോഫി ടീമില്‍ നിന്നും പുറത്തായത്.
 
 ഒരു ഇടവേള ആവശ്യമുണ്ട്. നന്ദി എന്നായിരുന്നു രഞ്ജി ടീമില്‍ നിന്നും പുറത്തായതിനെ പറ്റി പൃഥ്വി ഷായുടെ ആദ്യ പ്രതികരണം. തന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലാണ് പൃഥ്വി ഇങ്ങനെ കുറിച്ചത്. അച്ചടക്കമില്ലായ്മയും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമാണ് മുംബൈ ടീമില്‍ നിന്നും താരത്തിന് പുറത്തേക്കുള്ള വഴി തുറന്നത്. ടീമിന്റെ പരിശീലന സെഷനുകളില്‍ പൃഥ്വി ഷാ സ്ഥിരമായി പങ്കെടുത്തിരുന്നില്ല. സീസണീല്‍ കളിച്ച 2 മത്സരങ്ങളിലാകട്ടെ മോശം പ്രകടനമായിരുന്നു താരം നടത്തിയത്. താരം പരിശീലന സെഷനുകള്‍ സ്ഥിരമായി മുടക്കിയതോടെ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ് പൃഥ്വിക്കെതിരെ പരാതിപ്പെട്ടത്. ഇന്ത്യന്‍ ടീം അംഗങ്ങളായ ശ്രേയസ് അയ്യര്‍, ശാര്‍ദൂല്‍ താക്കൂര്‍ എന്നിവരെല്ലാം തന്നെ മുംബൈ ടീമിന്റെ ഭാഗമാണ്. ഈ താരങ്ങളെല്ലാം തന്നെ കൃത്യമായി പരിശീലനത്തിനെത്തുമ്പോഴാണ് ഷായുടെ ഈ ഉഴപ്പ്.

അനുബന്ധ വാര്‍ത്തകള്‍

Next Article