പാക്കിസ്ഥാനെ പിന്തുണച്ച് മുദ്രാവാക്യം വിളിക്കരുത്; ആരാധകരെ തടഞ്ഞ് പൊലീസ്

ശനി, 21 ഒക്‌ടോബര്‍ 2023 (07:03 IST)
പാക്കിസ്ഥാന്‍-ഓസ്‌ട്രേലിയ മത്സരത്തിനിടെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ച ആരാധകരെ വിലക്കി കര്‍ണാടക പൊലീസ്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് വാശിയേറിയ പോരാട്ടം നടന്നത്. ഇതിനിടെ ഗ്യാലറിയില്‍ ഇരുന്ന്  'പാക്കിസ്ഥാന്‍ സിന്ദാബാദ്' മുദ്രാവാക്യം വിളിച്ച ആരാധകരെ പൊലീസ് എത്തി തടയുകയായിരുന്നു.
 
ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ 43-ാം ഓവറിലായിരുന്നു സംഭവം. തന്നെ വിലക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനോട് ' ഞാന്‍ പാക്കിസ്ഥാന്‍ ആരാധകനാണ്. എനിക്ക് പാക്കിസ്ഥാന് വേണ്ടി മുദ്രാവാക്യം വിളിക്കാന്‍ സാധിക്കില്ലേ. വേറെ എന്താണ് ഞാന്‍ ചെയ്യേണ്ടത്' എന്ന് ആരാധകര്‍ പറയുന്നുണ്ട്. ഇന്ത്യന്‍ ആരാധകര്‍ 'ഭാരത് മാതാ കി ജയ്' വിളിക്കുമ്പോള്‍ എനിക്ക് 'പാക്കിസ്ഥാന്‍ സിന്ദാബാദ്' എന്ന് പറയാന്‍ അനുവാദമില്ലേ എന്നും ഇവര്‍ പൊലീസിനോട് ചോദിക്കുന്നു. 
 
' ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നത് പാക്കിസ്ഥാന്‍-ഓസ്‌ട്രേലിയ മത്സരമാണ്. എന്നിട്ടും എനിക്ക് പാക്കിസ്ഥാന്‍ സിന്ദാബാദ് എന്നു പറയാന്‍ കഴിയില്ലെന്നാണോ?' ആരാധകര്‍ പൊലീസുമായി തര്‍ക്കം തുടര്‍ന്നു. 
 
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ലോകകപ്പ് നടത്തുന്ന ഇന്ത്യയെ ലോകത്തിനു മുന്നില്‍ നാണംകെടുത്തുന്ന കാര്യങ്ങളാണ് പല സ്റ്റേഡിയങ്ങളിലും നടക്കുന്നതെന്ന് നിരവധി പേര്‍ പ്രതികരിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍