ക്രിക്കറ്റ് ലോകത്തിന് മൂകമായ നിമിഷം സമ്മാനിച്ച ഓസ്ട്രേലിയന്‍ ക്രിക്കറ്റർ ഫിലിപ്പ് ഹ്യൂഗ്‌സിന് ലോകം ഇന്ന് യാത്രാമൊഴിയോതി. സംസ്കാരച്ചടങ്ങില്‍ അദ്ദേഹത്തിന്റെ ജന്മനാടായ മാക്‌സ്‌വിലെയിൽ 5000 ത്തിലധികം പേർ പങ്കെടുത്തു.
ഹ്യൂഗ്‌സ് പഠിച്ച മാക്‌സ്‌വിലെ ഹൈസ്കൂളിൽ പ്രത്യേകമായൊരുക്കിയ വേദിയിലാണ് സംസ്കാരച്ചടങ്ങുകൾ നടന്നത്.
കേവലം 3000ത്തോളം പേര്‍ മാത്രം താമസിക്കുന്ന മാക്‌സ്‌വിലെ പട്ടണത്തിലേക്ക് മറ്റു രാജ്യങ്ങളുടെ പ്രതിനിധികള്‍, രാഷ്ട്രീയക്കാര്‍, കായിക രംഗത്തെ പ്രമുഖര്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ ആയിരക്കണക്കിനാളുകള്‍ എത്തിച്ചേര്‍ന്നിരുന്നു. ഹ്യൂഗ്‌സിന്റെ അടുത്ത സുഹൃത്തും സഹോദരതുല്യനുമായ ഓസ്ട്രേലിയൻ ക്യാപ്ടൻ മൈക്കേൽ ക്ളാർക്കാണ് സംസ്കാരച്ചടങ്ങുകളുടെ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഹ്യൂസിന്റെ ശവമഞ്ചം പേറുന്നവരിലൊരാള്‍ ക്ളാര്‍ക്കായിരുന്നു. ക്ളാർക്കിനൊപ്പം ഓസ്ട്രേലിയൻ ടീമംഗങ്ങൾ മുഴുവൻ ചടങ്ങില്‍ പങ്കെടുത്തു.
ആദര സൂചകമായി മൃതദേഹവും വഹിച്ച് വാഹനമെത്തിയപ്പോള്‍ ഗാർഡ് ഒഫ് ഓണർ നൽകാനായി പട്ടണത്തിലെ എല്ലാ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നല്‍കിയിരുന്നു. വാഴകൃഷിക്കാരന്‍ ഗ്രെഗ് ഹ്യൂസിന്റെ മകനായ ഫില്‍ ഓടിക്കളിച്ചുവളര്‍ന്ന തോട്ടത്തിനടുത്തുള്ള മാക്സ്വില്ല ഹൈസ്കൂളിനോടുള്ള ചേര്‍ന്നുള്ള പ്രത്യേക ഭാഗത്താണ് ലോകത്തോട് വിടപറഞ്ഞ പ്രതിഭയുടെ ഭൗതികദേഹം സംസ്ക്കരിച്ചത്.
ഹ്യൂസിന്റെ മരണത്തിന് കാരണമായ ബൗൺസർ എറിഞ്ഞ പേസർ സീൻ അബോട്ടു ചടങ്ങിനെത്തി. ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷേൻവാൺ, ഗ്ളെൻ മഗ്രാത്ത്, റിക്കി പോണ്ടിംഗ്, ആദം ഗിൽക്രിസ്റ്റ് മുൻ കിവീസ് നായകൻ റിച്ചാർഡ് ഹാഡ്‌ലി എന്നിവർ ഇന്ന് ഹ്യൂസിന് അന്തിമോപചാരം അർപ്പിച്ചു. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ അംഗങ്ങളായ രാജ്യങ്ങളിൽ നിന്നെല്ലാം പ്രതിനിധികളെത്തിയിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് താത്‌കാലികനായകൻ വിരാട് കൊഹ്‌ലി, ടീം ഡയറക്ടർ രവി ശാസ്ത്രി, കോച്ച് ഡങ്കൻ ഫ്ളച്ചർ, മാനേജർ അർഷദ് അയൂബ് എന്നിവരാണ് ചടങ്ങില്‍ സന്നിഹിതരായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.